ദോഹ: ഖത്തര്‍ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരം കാണാന്‍ ബ്രസീലിന്‍റെ മുന്‍ താരങ്ങളായ റോബർട്ടോ കാർലോസ്, കഫു, കക്ക, റൊണാള്‍ഡോ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളെത്തിയത് ആരാധകര്‍ക്ക് ആവേശമായിരുന്നു. എന്നാല്‍ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായ സൂപ്പര്‍ താരം നെയ്‌മറുടെ അഭാവം ആരാധകര്‍ ശ്രദ്ധിച്ചു. ഇപ്പോഴിതാ നെയ്‌മര്‍ ടീമിനൊപ്പം സ്റ്റേഡിയത്തില്‍ വരാതിരുന്നതിന്‍റെ കാരണം വിശദീകരിച്ചിരിക്കുകയാണ് സഹതാരം വിനീഷ്യസ് ജൂനിയര്‍.
നെയ്‌മറിന് പനി പിടിപെട്ടുവെന്നാണ് വിനീഷ്യസ് അറിയിച്ചത്. ഇക്കാരണത്താല്‍ താരം ടീം ഹോട്ടലില്‍ തന്നെ തുടരുകയായിരുന്നുവെന്നാണ് വീനിഷ്യസിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്‌തത്.
'ഗ്രൗണ്ടിലേക്ക് വരാന്‍ കഴിയാത്തതില്‍ അവന്‍ (നെയ്‌മര്‍) അതീവ ദുഃഖിതനായിരുന്നു. അവന് സുഖമില്ല. കാലിലെ പരിക്ക് മാത്രമല്ല, അവന് ചെറിയ തോതില്‍ പനിയുമുണ്ട്. എത്രയും വേഗത്തില്‍ നെയ്‌മറിന് സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്', വിനീഷ്യസ് പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ ബ്രസീല്‍ ടീം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ മത്സരം ടെലിവിഷനില്‍ കാണുന്നതിന്‍റെ ചിത്രം 30കാരനായ നെയ്‌മര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിനിടെ നെയ്‌മറുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്. ഇതേതുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്നും താരം പുറത്തായത്.
ഇതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി നെയ്‌മര്‍ രംഗത്തെത്തിയിരുന്നു. കരിയറിലെ ഏറ്റവും കഠിനമായ സമയമാണിത്. എന്നാല്‍ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും നെയ്‌മര്‍ ഇന്‍സ്റ്റഗ്രാം പോസ്‌റ്റില്‍ വ്യക്തമാക്കി. ബ്രസീലിന്‍റെ ജഴ്‌സിയണിയുമ്പോള്‍ തോന്നുന്ന അഭിമാനവും സ്‌നേഹവും വിവരണാതീതമാണെന്നും താരം കുറിച്ചു.