ദോഹ : ഖത്തര്‍ ലോകകപ്പിലെ അവസാന എട്ടില്‍ എത്തുന്ന അവസാന ടീമിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12:30ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
മുന്നേറാന്‍ പറങ്കിപ്പട : ആശങ്കകളൊന്നുമില്ലാതെ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചവരാണ് റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച സംഘം അവസാന മത്സരത്തില്‍ സൗത്ത് കൊറിയയോട് തോല്‍വി വഴങ്ങി. എന്നാലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പറങ്കിപ്പട അവസാന പതിനാറില്‍ സ്ഥാനം പിടിച്ചത്.
സ്വിസ് പ്രതിരോധം മറികടക്കാന്‍ കെല്‍പ്പുള്ള താരനിര പോര്‍ച്ചുഗലിനുണ്ട്. ഘാനയ്‌ക്കെതിരെയും ദക്ഷിണ കൊറിയക്കെതിരെയും അടിതെറ്റിയ പ്രതിരോധ നിരയിലാണ് ടീമിന് ആശങ്ക. മധ്യനിരയില്‍ ടീമിന് ഇതുവരെ കാര്യമായ പ്രശ്‌നങ്ങളില്ല എന്നതും ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്.
ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ജാവോ ഫെലിക്‌സ് എന്നിവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. 37 കാരനായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിര്‍ണായക മത്സരത്തില്‍ ഫോം കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ചരിത്രം തിരുത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് : കാമറൂണിനെയും സെര്‍ബിയയേയും തകര്‍ത്തറിഞ്ഞ സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഷാക്ക, ഷാക്കിരി, സോയ് എന്നിവരടങ്ങുന്ന മധ്യനിരയാണ് ടീമിന്‍റെ കരുത്ത്. മുന്നേറ്റ നിരയില്‍ എംബോളയുടെ ബൂട്ടുകളിലാണ് ടീമിന്‍റെ പ്രതീക്ഷ.
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ മൂന്ന് മത്സരങ്ങള്‍ വിജയിക്കാന്‍ സ്വിസ്സ് പടയ്‌ക്കായിട്ടില്ല. കഴിഞ്ഞ ഏഴ് ലോകകപ്പിലും ക്വാര്‍ട്ടറിലെത്താനും ടീമിന് സാധിച്ചിട്ടില്ല. ഈ ചരിത്രം കൂടി തിരുത്തിക്കുറിക്കാനാകും സ്വസ്സ് പട ഇന്നിറങ്ങുക.