മാഞ്ചസ്റ്റർ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 37കാരനായ താരവുമായുള്ള കരാര്‍ റദ്ദാക്കിയതായി യുണൈറ്റഡ് ഔദ്യോഗിക പ്രസ്‌താവനയില്‍ അറിയിച്ചു. പരസ്‌പര ധാരണയോടെയാണ് തീരുമാനമെന്നും ക്രിസ്റ്റ്യാനോ യുണൈറ്റഡിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നതായും ക്ലബ് വ്യക്തമാക്കി.
ക്ലബിനും പരിശീലകനുമെതിരായി ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ക്രിസ്റ്റ്യാനോ അടുത്തിടെ നല്‍കിയ അഭിമുഖം ഏറെ വിവാദമായിരുന്നു. യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടു. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ല. എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു.
2021-22 സീസണിന്‍റെ തുടക്കത്തിലാണ് ക്രിസ്റ്റ്യാനോ ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയെത്തുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ യുണൈറ്റഡിന് യോഗ്യത നേടാന്‍ കഴിയാതെ വന്നതോടെ താരം ക്ലബ് വിടാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സീസണിലെ ഏറിയ മത്സരങ്ങളിലും എറിക് ടെന്‍ ഹാഗിന്‍റെ ആദ്യ ഇലവനില്‍ സൂപ്പര്‍ താരത്തിന് സ്ഥാനമുണ്ടായിരുന്നില്ല.
നേരത്തെ 2003 മുതല്‍ 2009 വരെയാണ് താരം യുണൈറ്റഡിനൊപ്പമുണ്ടായിരുന്നത്. ക്ലബിനായി ആകെ 346 മത്സരങ്ങളില്‍ നിന്നും 145 ഗോളുകളാണ് താരം നേടിയത്.
also read: യുണൈറ്റഡില്‍ വഞ്ചിക്കപ്പെട്ടു, എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ