ലണ്ടൻ : ട്രാൻസ്‌ഫര്‍ വിൻഡോയിൽ റെക്കോഡ് തുക മുടക്കി പേരുകേട്ട താരങ്ങളെയെല്ലാം ടീമിലെത്തിച്ചിട്ടും തുടർച്ചയായ മോശം മത്സരഫലങ്ങളെ തുടർന്ന് പ്രീമിയർ ലീഗ് ക്ലബ് ചെൽസി പരിശീലകൻ ഗ്രാഹാം പോട്ടറെ പുറത്താക്കി. ആസ്റ്റൺ വില്ലക്കെതിരായ തോൽവിയോടെ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്തേക്കിറങ്ങിയതിന് പിന്നാലെയാണ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഗ്രഹാം പോട്ടറിന് പകരക്കാരനായി മുൻ ബയേൺ പരിശീലകൻ ജൂലിയൻ നാഗെൽസ്‌മാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പോട്ടറിന്‍റെ കോച്ചിങ് സ്‌റ്റാഫുകളിൽ ഉൾപ്പെട്ടിരുന്ന ബ്രൂണോ സാൾട്ടറിനാണ് ടീമിന്‍റെ താത്‌കാലിക ചുമതല.
2022ൽ ചെൽസിയുടെ പരിശീലകനായെത്തിയ പോട്ടർ ആറുമാസം മാത്രമാണ് ടീമിനെ നയിച്ചത്. ഈ കാലയളവിൽ 31 മത്സരങ്ങൾ കളിച്ച ചെൽസി കേവലം 12 മത്സരങ്ങളിൽ മാത്രമാണ് ജയം നേടിയത്. പോട്ടറുടെ കീഴിൽ പ്രീമിയർ ലീഗ്, എഫ് എ കപ്പ് തുടങ്ങിയവയിലെല്ലാം മോശം പ്രകടനമാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ സ്ഥാനം നേടിയിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ എസി മിലാനെ ഇരുപാദങ്ങളിലും കീഴടക്കിയ ചെൽസി ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടിലെത്തിയത്. പ്രീക്വാർട്ടിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്‌മുണ്ടിനെ പുറത്താക്കിയാണ് അവസാന എട്ടിലെത്തിയത്. പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ സ്ഥാനം കണ്ടെത്താൻ വിഷമിച്ച ചെൽസി പോയിന്‍റ് പട്ടികയിൽ അവസാന പകുതിയിലേക്ക് വീണിരിക്കുകയാണ്.
'ചെൽസിക്ക് നൽകിയ സംഭാവനകൾക്ക് ഗ്രഹാമിനോട് ആത്മാർഥമായി നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു പരിശീലകൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഗ്രഹാമിനോട് ഞങ്ങൾക്ക് ഏറ്റവും ഉയർന്ന ബഹുമാനമുണ്ട്. അദ്ദേഹം എല്ലായ്‌പ്പോഴും പ്രൊഫഷണലിസത്തോടും സത്യസന്ധതയോടും കൂടി പെരുമാറിയിട്ടുണ്ട്, എന്നാൽ ഈ ഫലത്തിൽ ഞങ്ങൾ എല്ലാവരും നിരാശരാണ്. ഞങ്ങൾക്ക് 10 പ്രീമിയർ ലീഗ് മത്സരങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും ബാക്കിയുണ്ട്. സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ആ ഗെയിമുകളിലെല്ലാം ഞങ്ങൾ എല്ലാ ശ്രമവും പ്രതിബദ്ധതയും ചെലുത്തും'- ചെൽസി പുറത്തുവിട്ട ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
കഴിഞ്ഞ മെയിലാണ് അമേരിക്കന്‍ ബിസിനസുകാരനായ ടോഡ് ബോഹ്‌ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ചെല്‍സിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിന് ശേഷം ടീം പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ഗ്രഹാം പോട്ടർ. തോമസ് ടുഷേലിനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു പോട്ടർ ചെൽസിയുടെ പരിശീലക സ്ഥാനത്തേക്ക് വന്നത്. ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയണിന് 21.5 മില്യൺ പൗണ്ട് നഷ്‌ടം പരിഹാരമായി നൽകി 5 വർഷത്തെ കരാറിലാണ് ചെൽസി 47-കാരനെയും കോച്ചിംഗ് സ്റ്റാഫിനെയും സ്റ്റാംഫോർഡ് ബ്രിഡ്‌ജിലേക്ക് എത്തിച്ചത്.
പകരക്കാരുടെ നിരയിൽ വമ്പൻമാർ : മൗറീഷ്യോ പോച്ചെറ്റിനോ, ലൂയിസ് എൻറിക്വേ, ജൂലിയൻ നാഗെൽസ്‌മാൻ തുടങ്ങിയ വമ്പൻ പരിശീലകരിൽ ഒരാളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് സൂചന. എങ്കിലും ബയേൺ മ്യൂണിക് വിട്ട ജൂലിയൻ നാഗെൽസ്‌മാൻ തന്നെയാണ് ടീമിന്‍റെ പ്രഥമ ലക്ഷ്യം. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് മാനേജർ ഒലിവർ ഗ്ലാസ്‌നർ, സ്പോർട്ടിംഗ് ലിസ്ബണിനെ മികച്ച രീതിയിൽ നയിക്കുന്ന റൂബൻ അമോറിം എന്നിവരുമായും മാനേജ്‌മെന്‍റ് ബന്ധപ്പെട്ടിരുന്നു.