മാഡ്രിഡ്: കൊവിഡ് 19 ബാധിക്കാനുള്ള സാധ്യത എല്ലായിടത്തുമുണ്ടെന്ന് ബാഴ്‌സലോണയുടെ അർജന്‍റീനന്‍ സൂപ്പർ താരം ലയണല്‍ മെസി. വീടിന് പുറത്തിറങ്ങിയാല്‍ കൊവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ അതേകുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്‌താല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നും മെസി പറഞ്ഞു. അതേസമയം പ്രതിരോധ മാർഗങ്ങളെ കുറിച്ച് തങ്ങൾ ബോധവാന്‍മാരാണെന്നും അവ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം തുടങ്ങുന്നത് ആദ്യ ഘട്ടമാണ്. പ്രതിരോധ പ്രവർത്തനങ്ങളില്‍ ഒരുതരത്തിലുള്ള അലംഭാവവും കാണിക്കുന്നില്ല. വ്യക്തിഗത പരിശീലനമാണ് നടത്തുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെസി പറഞ്ഞു.
കൊവിഡ് 19 കാരണം നിർത്തിവെച്ച സ്‌പാനിഷ് ലാലിഗയില്‍ കഴിഞ്ഞ ദിവസമാണ് പരിശീലനം പുനരാരംഭിച്ചത്. ജൂണ്‍ 12-ന് മത്സരം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലാലിഗ അധികൃതർ. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. റെയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. കൊവിഡ് 19 ടെസ്റ്റില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലീഗിലെ അഞ്ച് താരങ്ങളെ ഇതേവരെ ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.