ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ റിയല്‍ മല്ലോർക്കക്ക് എതിരായ മത്സരത്തില്‍ യുറൂഗ്വന്‍ താരം ലൂയിസ് സുവാരിസ് കളിക്കുമെന്ന സൂചന നല്‍കിയ ബാഴ്‌സലോണ. മല്ലോർക്കക്ക് എതിരായ മത്സരത്തിന് മുന്നോടിയായി സുവാരിസ് ശാരീരിക ക്ഷമത തെളിച്ചുവെന്ന് ബാഴ്‌സലോണ. ജൂണ്‍ 13-നാണ് ബാഴ്‌സലോണയും മല്ലോർക്കയും തമ്മിലുള്ള മത്സരം. കഴിഞ്ഞ ജനുവരിയില്‍ വലത് കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നതിനെ തുടർന്ന് കഴിഞ്ഞ നാല് മാസത്തിലധികമായി സുവാരിസ് ബൂട്ടണിഞ്ഞട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 147 ദിവസമായി താരം ബാഴ്‌സക്ക് വേണ്ടി കളിച്ചിട്ട്. ക്ലബിന്‍റെ ആരോഗ്യവിഭാഗം, സുവാരിസിന് ഇതിനകം കളത്തിലിറങ്ങാന്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്ന് എഫ്‌സി ബാഴ്‌സലോണ പ്രസ്താവനയില്‍ പറഞ്ഞു.
ഈ സീസണിലെ 23 മത്സരങ്ങളില്‍ നിന്നായി സുവാരിസ് ഇതിനകം 14 ഗോളുകൾ സ്വന്തമാക്കി. സ്‌പാനിഷ് സൂപ്പർ കപ്പാണ് ബാഴ്‌സലോണക്ക് വേണ്ടി സുവാരിസ് കളിച്ച അവസാനത്തെ എവേ മത്സരം. ജനുവരി 12-ന് നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡായിരുന്നു ബാഴ്‌സയുടെ എതിരാളി. നേരത്തെ ലാലിഗയില്‍ കാണികളില്ലാതെ നൗകാമ്പില്‍ കളിക്കുന്നത് വേറിട്ട അനുഭവമാകുമെന്ന് സുവാരിസ് പ്രതികരിച്ചിരുന്നു. കൊവിഡ് 19 കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ ലാലിഗ മത്സരങ്ങൾ നടത്താനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.