പാരിസ്: ബ്രസീലിയൻ ഫുട്‌ബോള്‍ താരം നെയ്മറുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രമുഖ കായികോപകരണ നിർമാതാക്കളായ നൈക്കി. ലൈംഗികാരോപണ കേസില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് താരവുമായുള്ള നീണ്ട 15 വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ചതെന്നാണ് നെെക്കിയുടെ വിശദീകരണം. 2020 ഓഗസ്റ്റിലാണ് നെെമറുമായി എട്ടു വര്‍ഷത്തെ കരാര്‍ കൂടി നിലനില്‍ക്കെ കാരണങ്ങള്‍ വിശദീകരിക്കാതെ നൈക്കി അവസാനിപ്പിച്ചത്.
കമ്പനിയിലെ ഒരു ജീവനക്കാരി ഉന്നയിച്ച വിശ്വാസയോഗ്യമായ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാന്‍ നെയ്മര്‍ വിസമ്മതിച്ചതിനാലാണ് 2020ല്‍ നൈക്കി അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് കമ്പനിയുടെ ജനറല്‍ കൗണ്‍സിലര്‍ ഹിലരി ക്രെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ പൊതു ചര്‍ച്ചയാക്കാതിരുന്ന കാര്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുറന്ന് പറയുന്നതെന്നും ക്രെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
also read: ഛത്രസാൽ കൊലപാതകം; ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അതേസമയം അരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നെയ്മറിന്‍റെ വക്താവ് പ്രതികരിച്ചു. കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചത് സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളെത്തുടര്‍ന്നാണെന്നും വക്താവ് പറഞ്ഞു. 29കാരനായ നെയ്മര്‍ പ്രഫഷണല്‍ ഫുട്ബോളറാവുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്നെ താരത്തിന്‍റെ 13ാം വയസിലാണ് നെെക്കിയുമായി കരാറിലെത്തുന്നത്.
2016ല്‍ ന്യൂയോർക്ക് സിറ്റിയിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍ ലെെഗികമായി പീഡിപ്പിച്ചുവെന്നാണ് നെെക്കി ജീവനക്കാരിയുടെ പരാതി. അതേസമയം 2019ല്‍ ബ്രസീലിയൻ മോഡലായ മറ്റൊരു യുവതി നെയ്മര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ചിരുന്നു. പാരീസിലിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ബ്രസീലിയന്‍ അധികൃതര്‍ പരാതി തള്ളി. തുടര്‍ന്ന് യുവതിക്കെതിരെ അപവാദപ്രചരണം, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.