മാഡ്രിഡ്: ബയേണ്‍ മ്യൂണിക്കിന്‍റെ ഓസ്‌ട്രിയന്‍ പ്രതിരോധ താരം ഡേവിഡ് അലബയെ കൂടാരത്തിലെത്തിച്ച് സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. അടുത്ത അഞ്ച് സീസണുകളിലേക്കാണ് 28കാരനായ അലബയെ ബയേണ്‍ മ്യൂണിക്കില്‍ നിന്നും റയല്‍ സ്വന്തമാക്കിയത്. യൂറോ കപ്പിന് ശേഷം താരം റയലിനൊപ്പം ചേരും.
ക്യാപ്റ്റന്‍ സെർജിയോ റാമോസുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെ കൂടിയാണ് ക്ലബിന്‍റെ പുതിയ നീക്കം. അതേസമയം കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ സീസണ് ശേഷം ബയേണ്‍ വിടുമെന്ന് അലബ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 13 വര്‍ഷമായി ബയേണിനൊപ്പമാണ് അലബയുള്ളത്.
also read : ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടത് ധാവനല്ല, സഞ്ജു; കാരണം വ്യക്തമാക്കി ഡാനിഷ് കനേരിയ
താരവുമായി പുതിയ കരാറിലെത്തുന്നതിന് ബയേണ്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബയേണിനായി 431 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും 10 ലീഗ് കിരീടങ്ങളും രണ്ട് ഫിഫ ക്ലബ് ലോകകപ്പും ഉള്‍പ്പെടെ നിരവധി കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഓസ്‌ട്രിയക്കായി 79 മത്സരങ്ങള്‍ കളിച്ച താരം ഏഴ് തവണ ഓസ്‌ട്രിയന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി.