ബ്രസീലിയ : കോപ്പ അമേരിക്കയില്‍ ആദ്യ മത്സരത്തിൽ വെനസ്വലയ്‌ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാനറികള്‍ വെനസ്വലയെ തകർത്തത്. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌ത സൂപ്പർ താരം നെയ്‌മറാണ് ബ്രസീലിന്‍റെ വിജയ ശിൽപി.
നെയ്‌മറിനൊപ്പം, മാർക്വീഞ്ഞോസ്, ഗബ്രിയേൽ ബാർബോസ എന്നിവരും ബ്രസീലിനായി ലക്ഷ്യം കണ്ടു. ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ വെനസ്വലയുടെ ഭാഗത്ത് നിന്നുണ്ടായത് ഒഴിച്ചുനിർത്തിയാൽ 90 മിനിട്ടും നിറഞ്ഞാടിയ സാംബയുടെ ചടുല നീക്കങ്ങള്‍ക്കാണ് മൈതാനം സാക്ഷിയായത്. ആദ്യ മണിക്കൂറുകള്‍ മുതൽ ആക്രമിച്ച് കയറിയ കാനറി കൂട്ടം വെനസ്വലയുടെ ഗോള്‍ മുഖത്ത് നിരന്തരം ഭീഷണി ഉയർത്തി.
കോപ്പയിലെ ആദ്യ ഗോള്‍ 23ാം മിനിറ്റിൽ
നെയ്‌മറും , ജീസസും, റിച്ചാർലിസണും ഉള്‍പ്പെടുന്ന മുന്നേറ്റനിര കുതിച്ചുകയറിയതോടെ വെനസ്വലയുടെ പ്രതിരോധം നിരന്തരം പരീക്ഷിക്കപ്പെട്ടു. 23ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. നെയ്‌മർ എടുത്ത കോർണർ കിക്ക് മാർക്വീഞ്ഞോസ് ലക്ഷ്യത്തിലെത്തിച്ചതോടെ കോപ്പയിലെ ഈ വർഷത്തെ ആദ്യ ഗോള്‍ പിറന്നു.
1-0 ത്തിന് പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 64ാം മിനിട്ടില്‍ ലഭിച്ച പെനാൽറ്റിയിലൂടെ ബ്രസീൽ വെനസ്വലയുടെ വല വീണ്ടും കുലുക്കി. ഡാനിയലോയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം നെയ്‌മർ അനായാസം വലയ്ക്കുള്ളിൽ എത്തിച്ചു.
മൂന്നാം ഗോള്‍ പകരക്കാരൻ ബാർബോസയിലൂടെ
റിച്ചാർലിസണ് പകരക്കാരനായെത്തിയ ഗബ്രിയേൽ ബാർബോസയിലൂടെയായിരുന്നു ബ്രസീലിന്‍റെ മൂന്നാം ഗോള്‍. 89ാം മിനിറ്റിൽ പന്തുമായി ഇടത് വിങ്ങിലൂടെ കുതിച്ചുകയറിയ നെയ്‌മർ നൽകിയ ക്രോസ് ബാർബോസ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചതോടെ കോപ്പയിലെ മൂന്നാം ഗോളും പിറന്നു.
കൊവിഡ് മൂലം പ്രധാന താരങ്ങളെ നഷ്‌ടപ്പെട്ട വെനസ്വല ബ്രസീലിയൻ ആക്രമണത്തിന് മുമ്പിൽ ഭേദപ്പെട്ട പ്രതിരോധം തീർത്തു എന്നത് ശ്രദ്ധേയമാണ്. ജൂണ്‍ 18 ന് പെറുവുമായാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.