യൂറോകപ്പ് ഫുട്‌ബോളിന്‍റെ വേദനയായി മൈതാനത്ത് കുഴഞ്ഞു വീണ് മരണത്തിന്‍റെ മുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് അത്‌ഭുതകരമായി തിരിച്ചെത്തിയ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സന്‍റെ രണ്ടാം സന്ദേശമെത്തി. ഇന്ന് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച സന്ദേശത്തില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള സെല്‍ഫിയും സുഖമായിരിക്കുന്നു എന്നു തുടങ്ങുന്ന വാക്കുകളുമാണ്.
" ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ സന്ദേശങ്ങൾക്കും നന്ദി. ഞാനും എന്‍റെ കുടുംബവും അതെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ഇനിയും ചില പരിശോധനകൾ കൂടി ബാക്കിയുണ്ട്. അടുത്ത മത്സരങ്ങളില്‍ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും" എറിക്‌സൺ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
വിശദമായ വായനയ്ക്ക്: എറിക്‌സന്‍റെ ആദ്യ സന്ദേശമെത്തി: കീഴടങ്ങില്ല, തിരിച്ചുവരും, എല്ലാവർക്കും നന്ദി
യൂറോകപ്പിലെ ഗ്രൂപ്പ് ബിയില്‍ ഫിൻലാൻഡിന് എതിരായ മത്സരത്തിനിടെയാണ് എറിക്‌സൺ കുഴഞ്ഞുവീണത്. വളരെ വേഗം മൈതാനത്ത് സഹതാരങ്ങളും മെഡിക്കല്‍ സംഘവും ചേർന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയാണ് താരത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നും 13 മിനിട്ട് സിപിആർ നല്‍കിയ ശേഷമാണ് എറിക്‌സൺ മരണത്തില്‍ നിന്ന് കരകയറിയതെന്നും ഡെൻമാർക്ക് ടീം ഡോക്‌ടർ പിന്നീട് വ്യക്തമാക്കിയിരുന്നു.
രോഗത്തില്‍ നിന്ന് തിരിച്ചു വരികയാണെന്നും കീഴടങ്ങില്ലെന്നും പറയുന്ന എറിക്‌സന്‍റെ ആദ്യ സന്ദേശം ഇന്നലെ ഇറ്റാലിയൻ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. താരത്തിന്‍റെ മാനേജർ വഴിയാണ് ഇന്നലെ സന്ദേശം പുറത്തുവന്നത്.