ലെവർകൂസൻ: ബുണ്ടസ് ലിഗയില്‍ ലെവൻഡോവ്സ്‌കിയും സെർജി ഗ്നാബ്രിയും നിറഞ്ഞാടിയ മത്സരത്തില്‍ ബയർ ലെവർക്യൂസനെ ഗോള്‍ മഴയില്‍ മുക്കി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ ലെവർക്യൂസനെ തകര്‍ത്ത് വിട്ടത്.
മത്സരത്തില്‍ ഏഴ് മിനിട്ടുകള്‍ക്കുള്ളില്‍ പിറന്ന നാല് ഗോളുകളടക്കം ആദ്യ പകുതിയിലാണ് തുടര്‍ച്ചയായ 10ാം കിരീടം ലക്ഷ്യമിടുന്ന ബയേണിന്‍റെ പട്ടികയിലെ അഞ്ച് ഗോളുകളും പിറന്നത്. മൂന്നാം മിനിട്ടില്‍ ലെവൻഡോവ്സ്‌കിയാണ് ബയേണിന്‍റെ ഗോളടി തുടങ്ങിയത്.
തുടര്‍ന്ന് 30ാം മിനിട്ടിലും താരം വലകുലുക്കി. 34ാം മിനിട്ടില്‍ തോമസ് മുള്ളര്‍ ലക്ഷ്യം കണ്ടപ്പോള്‍ 35, 37 മിനിട്ടുകളിലാണ് ഗ്നാബ്രിയുടെ ഗോള്‍ നേട്ടം. 55ാം മിനിട്ടില്‍ പാട്രിക്ക് ഷിക്കാണ് ലെവർക്യൂസന്‍റെ ആശ്വാസഗോൾ നേടിയത്.
മത്സരത്തിന്‍റെ 60 ശതമാനം പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്താനും ബയേണിനായി. വിജയത്തോടെ കഴിഞ്ഞയാഴ്ച ഫ്രാങ്ക്ഫർട്ടിനോടേറ്റ തോല്‍വിയുടെ നിരാശ മായ്‌ച്ച് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്താനും ബയേണിനായി. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഒരോ സമനിലയും തോല്‍വിയും വഴങ്ങിയ ബയേണിന് 19 പോയിന്‍റാണുള്ളത്.
also read: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : എവര്‍ട്ടണെതിരെ വെസ്റ്റ് ഹാം യുണൈറ്റഡിന് വിജയം
എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയങ്ങളും ഒരു സമനിലയും രണ്ട് തോല്‍വിയും വഴങ്ങി 16 പോയിന്‍റുള്ള ലെവർക്യൂസന്‍ മൂന്നാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയങ്ങളുമായി 18 പോയിന്‍റുള്ള ബോറുസിയ ഡോർട്‌മുണ്ടാണ് രണ്ടാം സ്ഥാനത്ത്.