ലിവര്‍പൂള്‍: തുടര്‍പരാജയങ്ങള്‍ക്ക് നടുവില്‍ ലിവര്‍പൂള്‍ കത്തുകയാണ്. ആന്‍ഫീല്‍ഡിലേക്കെത്തിയ സന്ദര്‍ശക ടീമിന്‍റെ വാഹനം ലിവര്‍പൂള്‍ ആരാധകര്‍ അക്രമിക്കുന്നിടത്ത് വരെ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. റയല്‍ മാഡ്രിഡിന്‍റെ ബസിന് നേരെ ഒരു സംഘം ആക്രമണം നടത്തി. ചെമ്പടയുടെ ആരാധകരാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബസിന്‍റെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. സിനദന്‍ സിദാനും ശിഷ്യന്‍മാരും യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തിന്‍റെ രണ്ടാംപാദ ക്വാര്‍ട്ടറിന് എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി സൂചനയില്ല.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പിന്നീട് ലിവര്‍പൂള്‍ ഖേദം രേഖപ്പെടുത്തി. ലിവര്‍പൂള്‍ റയല്‍ മാഡ്രിഡ് ടീമിനോട് മാപ്പ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പോലും ലിവര്‍പൂളിന്‍റെ മത്സരത്തിന് മുന്നോടിയായി ആരാധകര്‍ തെരുവില്‍ ഒത്തുകൂടുന്നത് പതിവാണ്. ഇവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ആറ് പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
സീസണില്‍ ലിവര്‍പൂളിന്‍റെ മങ്ങിയ പ്രകടനം ആന്‍ഫീല്‍ഡിലെ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ പ്രതീക്ഷകള്‍ക്കെല്ലാം മങ്ങലേറ്റിരിക്കുകയാണ്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാര്‍ പോയിന്‍റ് പട്ടികയില്‍ ആറാമതാണ്. കൂടാതെ ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി. ഇരു പാദങ്ങളിലായി നടന്ന ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. പരിക്ക് ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് ഇത്തവണ യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ നേരിടുന്നത്.