അബുദാബി : ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളിലും വമ്പൻ തോൽവികൾ ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്ന് അഫ്‌ഗാനിസ്ഥാനെതിരായ മത്സരം മികച്ച മാർജിനിൽ വിജയിച്ചാൽ മാത്രമേ സെമിഫൈനലിലേക്കുള്ള സാധ്യതകൾക്ക് അൽപ്പമെങ്കിലും ജീവൻ നൽകാൻ കഴിയുകയുള്ളൂ.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയുമുൾപ്പടെ നാല് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അഫ്‌ഗാനിസ്ഥാൻ. അതേസമയം രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. റണ്‍റേറ്റിൽ ഏറെ മുന്നിലുള്ള അഫ്‌ഗാനിസ്ഥാൻ ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ സെമി ഫൈനലിന് ഒരു പടികൂടി അടുത്തെത്തും.
ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനോട് എട്ട് വിക്കറ്റിനാണ് തോറ്റത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ ഇത്തവണത്തെ ലോകകപ്പ് സെമി ഇന്ത്യക്ക് സ്വപ്‌നം മാത്രമായി മാറും.
ALSO READ : ചാമ്പ്യൻസ് ലീഗ് : ബയേണ്‍ മ്യൂണിക്കും യുവന്‍റസും നോക്കൗട്ടിൽ, ചെൽസിക്കും ബാഴ്‌സക്കും വിജയം
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ പരാജയപ്പെടുന്നതാണ് ഇന്ത്യൻ ടീമിന്‍റെ തകർച്ചക്ക് കാരണമാകുന്നത്. ടീം സെലക്ഷനിലെ പോരായ്‌മകളും തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ച ഹാർദിക് പാണ്ഡ്യക്കും വരുണ്‍ ചക്രവർത്തിക്കും ടീമിനുവേണ്ടി കാര്യമായ സംഭാവന നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ രോഹിത്തിന് പകരം ഇഷാൻ കിഷനെ ഓപ്പണറായി ഇറക്കിയ തീരുമാനവും പാളിപ്പോയിരുന്നു. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിലെ പ്ലേയിങ് ഇലവൻ വളരെ നിർണായകമായിരിക്കും.