മുംബൈ : ലോകകപ്പ് നേടുന്നതിനായി രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ ചില സീനിയര്‍ താരങ്ങളുടെ പ്രകടനത്തെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ഇതിഹാസ താരം കപില്‍ ദേവ്. ഇതിനായി യുവതാരങ്ങളെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ പറഞ്ഞു. ഒരു ചാനല്‍ ഷോയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്ത്യ ലോകകപ്പ് ജയിക്കണമെങ്കില്‍ പരിശീലകനും സെലക്‌ടര്‍മാരും ടീം മാനേജ്‌മെന്‍റും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. "രോഹിത്തും കോലിയും അതുപോലെ മറ്റ് രണ്ടോ മൂന്നോ കളിക്കാരും ചേര്‍ന്ന് നമുക്ക് ലോകകപ്പ് നേടിത്തരുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല. ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ വ്യക്തി താല്‍പര്യങ്ങള്‍ മാറ്റിവച്ച് ടീമിന്‍റെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.
അതിനായി ആദ്യം ടീമില്‍ വിശ്വസിക്കേണ്ടതുണ്ട്. നമുക്ക് അങ്ങനെയൊരു ടീമുണ്ടോ എന്ന് ചോദിച്ചാല്‍, തീർച്ചയായുമുണ്ട്. നമ്മുടെ ടീമില്‍ ചില മാച്ച് വിന്നർമാരുമുണ്ട്. നമുക്ക് ലോകകപ്പ് നേടിത്തരാന്‍ പ്രാപ്‌തിയുള്ളവരാണവര്‍" - കപില്‍ പറഞ്ഞു.
യുവതാരങ്ങള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും കപില്‍ വ്യക്തമാക്കി. "നിങ്ങളുടെ ടീമിന്‍റെ നെടുംതൂണായി മാറുന്ന രണ്ട് കളിക്കാർ എപ്പോഴുമുണ്ടാവും. ടീം അവരെ ആശ്രയിച്ചാവും കളിക്കുക. എന്നാല്‍ അത് അവസാനിപ്പിക്കേണ്ടതുണ്ട്.
പകരം, ടീമിന്‍റെ നട്ടെല്ലാവേണ്ട അഞ്ചോ ആറോ കളിക്കാരെയെങ്കിലും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇക്കാരണത്താലാണ് രോഹിത്തിനേയും കോലിയേയും ആശ്രയിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ പറയുന്നത്. തങ്ങളുടെ ഓരോ ഉത്തരവാദിത്തവും നിറവേറ്റുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത്.
Also read: ആദ്യ ഓവറില്‍ ഹാട്രിക്, 2 ഓവറിൽ 5 വിക്കറ്റ്..!: രഞ്ജിയില്‍ കൊടുങ്കാറ്റായി ജയ്ദേവ് ഉനദ്‌ഘട്ട്
യുവാക്കൾ മുന്നോട്ടുവന്ന് 'ഇത് നമ്മുടെ സമയമാണ്' എന്ന് പറയേണ്ടതുണ്ട്" - കപില്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ലോകകപ്പ് ഇവിടെ നടക്കുന്നത് ടീമിന് അനുകൂലമാണെന്നും കപില്‍ വ്യക്തമാക്കി.