ഹൈദരാബാദ്: കടലാസില്‍ കരുത്തരായാണ് മിക്ക ഏകദിന ലോകകപ്പുകളിലും ദക്ഷിണാഫ്രിക്ക (South Africa cricket team) എത്തിയിട്ടുള്ളത്. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പുതൊട്ട് പലപ്പോഴും നിര്‍ഭാഗ്യമാണ് ടീമിനെ നിരാശയിലേക്ക് തള്ളിവിട്ടിട്ടുള്ളത്. 1992-ല്‍ ഓസ്‌ട്രേലിയ ആതിഥേയരായ പതിപ്പിലാണ് പ്രോട്ടീസ് ഏകദിന ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയത്.
അന്ന് ആതിഥേയരെ തോല്‍പ്പിച്ചു വരവ് പ്രഖ്യാപിച്ച ടീം സെമി ഫൈനലിലെത്തിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം മഴനിയമമായെത്തിയപ്പോള്‍ ടീമിന് പുറത്ത് പോവേണ്ടി വന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ ലക്ഷ്യം പിന്തുടരവെ മഴ കളി തടസപ്പെടുത്തുമ്പോള്‍ വിജയത്തിനായി പ്രോട്ടീസിന് 13 പന്തിൽ 22 റൺസാണ് വേണ്ടിയിരുന്നത്. 10 മിനിട്ടുകള്‍ക്ക് ശേഷം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അന്നത്തെ മഴ നിയമം ടീമിനെ വമ്പന്‍ നിരാശയിലേക്കാണ് തള്ളി വിട്ടത്.
ഒരു പന്തില്‍ 22 റണ്‍സായിരുന്നു പുതുക്കി നിശ്ചയിച്ച ലക്ഷ്യം. പ്രതിഷേധങ്ങള്‍ക്കൊന്നും മുതിരാതെ അവസാന പന്തും നേരിട്ട് മടങ്ങിയ പ്രോട്ടീസ് താരങ്ങളെ ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. പിന്നീട് നാല് തവണ കൂടി സെമിയിലെത്തിയെങ്കിലും കലാശപ്പോരിന് ബെര്‍ത്തുറപ്പിക്കാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. 1996-ലെ പതിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ടീമിന്‍റെ പരാജയം.
വിന്‍ഡീസിനെതിരായ മത്സരത്തില്‍ പേസര്‍മാരുടെ പറുദീസയായ കറാച്ചിയില്‍ സ്‌പിന്നര്‍ പോള്‍ ആഡംസിനായി അലന്‍ ഡൊണാള്‍ഡിനെ പുറത്തിരുത്തിയിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം തോല്‍വി ചോദിച്ചുവാങ്ങിയെന്നും പറയാം. 1999-ല്‍ ടീം വീണ്ടും സെമിയില്‍ വീണു. 2003-ല്‍ സ്വന്തം മണ്ണിലേക്ക് എത്തിയ പതിപ്പില്‍ വമ്പന്‍ പ്രതീക്ഷയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല. 2007-ല്‍ ലോക ഒന്നാം നമ്പര്‍ ടീമായെത്തിയെങ്കിലും പോരാട്ടം സെമിയില്‍ അവസാനിച്ചു.
2011-ല്‍ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനോടായിരുന്നു ടീമിന്‍റെ തോല്‍വി. 2015-ലും സെമിയിലെത്തിയ ടീമിന് മുന്നില്‍ വീണ്ടും ന്യൂസിലന്‍ഡ് വില്ലനായി. 2019-ല്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ 7-ാം സ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇക്കുറിയും കരുത്തരായി തന്നെയാണ് പ്രോട്ടീസ് ടീം ഇന്ത്യന്‍ മണ്ണിലേക്ക് ലോകകപ്പിനായി (Cricket World Cup 2023) എത്തുന്നത്.
ടെംബ ബാവുമ (Temba Bavuma) നയിക്കുന്ന ടീമിന്‍റെ പ്രധാന കരുത്ത് അവരുടെ പേസ് നിരയാണ്. കാഗിസോ റബാദ, മാര്‍ക്കോ ജാന്‍സന്‍, ലുങ്കി എൻഗിഡി, ജെറാൾഡ് കോറ്റ്‌സി എന്നിവരാണ് പ്രധാനികള്‍. ടെംബ ബാവുമയ്‌ക്കൊപ്പം ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ, എയ്‌ഡൻ മാർക്രം, ഡേവിഡ് മില്ലർ, റാസി വാൻ ഡർ ദസ്സന്‍ എന്നിവരടങ്ങുന്ന ബാറ്റിങ് നിര ലോകത്തിലെ ഏതു ബോളിങ് നിരയേയും വെല്ലുവിളിക്കാന്‍ പോന്നതാണ്.
ലോകകപ്പോടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ക്വിന്‍റൺ ഡി കോക്ക് (Quinton de Kock) പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രം തിരുത്തി ടീമിനൊപ്പം കിരീടമുയര്‍ത്തി തന്‍റെ വിരമിക്കല്‍ അവിസ്‌മരണീയമാക്കാന്‍ താരത്തിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.