മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ 209 റണ്‍സിനായിരുന്നു ഓസീസിനോട് തോറ്റത്. ഇതിന് പിന്നാലെ താരത്തിന്‍റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്‌ത് നിരവധി പേരാണ് രംഗത്ത് എത്തിയത്.
എന്നാല്‍ രോഹിത്തിന് നിരുപാധിക പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ തന്നെയാണ് ഇപ്പോഴും മികച്ച ഓപ്‌ഷനെന്നാണ് ഗാംഗുലി പറയുന്നത്. ഐപിഎല്‍ വിജയിക്കുകയെന്നത് ലോകകപ്പ് നേടുന്നതിനേക്കാൾ പ്രയാസമാണെന്നും ഗാംഗുലി പറഞ്ഞു.
"വിരാട് കോലിക്ക് ശേഷം സെലക്ടർമാർക്ക് ഒരു ക്യാപ്റ്റനെ ആവശ്യമായിരുന്നു. രോഹിത് തന്നെയായിരുന്നു അക്കാലത്ത് ഏറ്റവും മികച്ച ഓപ്‌ഷന്‍. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ അവന്‍ അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
അവന്‍ ഏഷ്യ കപ്പ് വിജയിച്ചിട്ടുണ്ട്. തീര്‍ച്ചയായും രോഹിത് ഒരു മികച്ച ഓപ്‌ഷന്‍ തന്നെയായിരുന്നു. തോറ്റെങ്കിലും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ കളിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു" - സൗരവ് ഗാംഗുലി പറഞ്ഞു.
"രണ്ട് വർഷം മുമ്പ് പോലും നമ്മള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമിയിലെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ആ ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തന്നെയാണ് സെലക്‌ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്" സൗരവ് ഗാംഗുലി പറഞ്ഞു.
ലോകകപ്പിന്‍റെ സെമിയിലെത്താൻ ടീമുകൾക്ക് അഞ്ചോ ആറോ മത്സരങ്ങളിലെ വിജയമാണ് വേണ്ടത്. എന്നാല്‍ ഐപിഎൽ വിജയിക്കാൻ ടീമുകൾക്ക് 17 മത്സരങ്ങളാണ് വിജയിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. "എനിക്ക് രോഹിത്തില്‍ പൂർണ വിശ്വാസമുണ്ട്. അവനും എംഎസ് ധോണിയും മാത്രമാണ് ഐപിഎല്ലില്‍ അഞ്ച് വീതം കിരീടങ്ങള്‍ നേടിയിട്ടുള്ളത്.
കഠിനമായ ടൂർണമെന്‍റായതിനാൽ ഐപിഎൽ ജയിക്കുക എളുപ്പമല്ല. ഐപിഎൽ വിജയിക്കുക എന്നത് ഒരു ലോകകപ്പ് നേടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്, കാരണം നിങ്ങൾ പ്ലേ ഓഫിൽ മാത്രം 14 മത്സരങ്ങളുണ്ട്. ലോകകപ്പിൽ സെമിയിലെത്താൻ 4-5 മത്സരങ്ങൾ മാത്രം മതി. ഐപിഎല്ലിൽ നിങ്ങൾക്ക് ചാമ്പ്യന്മാരാകാൻ 17 മത്സരങ്ങൾ വേണ്ടിവരും" ഗാംഗുലി കൂട്ടിച്ചേർത്തു.
അതേസമയം ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടന്നത്. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സില്‍ പുറത്താവുകയായിരുന്നു. മത്സരത്തിന് ശേഷം തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും വരുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ തങ്ങള്‍ തല ഉയര്‍ത്തി തന്നെ പോരാടുമെന്നായിരുന്നു രോഹിത് ശര്‍മ പ്രതികരിച്ചത്.