ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി പരിക്കേറ്റ ഇന്ത്യൻ പേസർ ഷാർദുൽ താക്കൂർ പരിക്കിൽ നിന്ന് മുക്തനായി. ഇതോടെ 25 ന് ലീഡ്‌സിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാൻ താരം പൂർണസജ്ജനാണെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു.
അതേസമയം മൂന്നാം ടെസ്റ്റിൽ നാലാം പേസറായി ആരെ കളിപ്പിക്കും എന്ന സംശയത്തിലാണ് ഇന്ത്യൻ ടീം. ആദ്യ ടെസ്റ്റിൽ കളിച്ച ഷാർദുൽ ജോ റൂട്ടിനെ ഉൾപ്പെടെ വീഴ്ത്തി തിളങ്ങിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഷാർദുലിന് പരിക്കേറ്റതിനാൽ പകരം കളിച്ച ഇഷാന്ത് ശർമ്മയും നിർണായക വിക്കറ്റുകളെടുത്തിരുന്നു.
ഷാർദുൽ പരിക്ക് മാറി കായികക്ഷമത തെളിച്ച് തിരിച്ചെത്തിയ സാഹചര്യത്തിൽ ആരെ കളിപ്പിക്കും എന്നതാണ് ടീം മാനേജ്മെന്‍റിന് മുന്നിലെ പ്രധാന ചോദ്യം. ബാറ്റിങ് മികവ് കൂടി പരിഗണിച്ചാൽ ഷാർദുലിനാണ് അവസരത്തിന് സാധ്യത എങ്കിലും ഇഷാന്തിനെയും പാടെ ഒഴിവാക്കാനാകില്ല.
എന്നാല്‍ മത്സര സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമെ ടീം കോംബിനേഷന്‍ തീരുമാനിക്കുകയുള്ളു എന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും അന്തിമ ഇലവനില്‍ കളിക്കുമെന്ന് ഉറപ്പാണ്. സ്‌പിന്നറായി ജഡേജ തുടരുമോ അതോ അശ്വിൻ കളിക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ALSO READ: പരിക്കേറ്റ മാര്‍ക് വുഡ് പുറത്ത് ; ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി
അതേസമയം ഇംഗ്ലണ്ട് ടീം പരിക്കിന്‍റെ പിടിയിലാണ്. പരിക്ക്‌മൂലം സ്റ്റുവര്‍ട്ട് ബ്രോഡിനെ തുടക്കത്തിലേ നഷ്ടമായ ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റില്‍ മാര്‍ക്ക് വുഡിനെയും നഷ്ടമാവും. ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്‌സ് പരിക്കുമൂലം പരമ്പരയിൽ നിന്ന് പിൻമാറിയിരുന്നു.