കറാച്ചി: ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെയുണ്ടായ ഐസിസി നടപടി ഭാവി താരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. വനിത ക്രിക്കറ്റില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ് ഹര്‍മന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും പാക് മുന്‍ നായകന്‍ പറഞ്ഞു. ഒരു പാക് മാധ്യമത്തില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഹിദ് അഫ്രീദി.
'ഇത് ഇന്ത്യന്‍ ടീമിനെ മാത്രം സംബന്ധിച്ച കാര്യമല്ല, ഇത്തരം സംഭവങ്ങള്‍ നമ്മള്‍ മുമ്പും പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ വനിത ക്രിക്കറ്റില്‍ ഇങ്ങനെ ഒരു സംഭവം നമ്മള്‍ കണ്ടിട്ടില്ല. ഐസിസിക്ക് കീഴിലെ ടൂര്‍ണമെന്‍റിലെ ആ പെരുമാറ്റം കടന്നുപോയി.
ഹര്‍മന്‍പ്രീതിനെതിരായി ഐസിസി നടപടിയെടുത്ത് ഭാവി താരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. ക്രിക്കറ്റില്‍ അഗ്രഷന്‍ പുലര്‍ത്താം, എപ്പോഴും നിയന്ത്രണത്തോടെയുള്ള അഗ്രഷനാണ് നല്ലത്. എന്നാല്‍ ഇപ്പോഴത്തേത് സകല സീമകളും ലംഘിക്കുന്നതായിരുന്നു' -ഷാഹിദ് അഫ്രീദി പറഞ്ഞു.
ഒരു പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പേരിൽ ഹർമൻപ്രീതിന് മാച്ച് ഫീയുടെ 75 ശതമാനം പിഴ ചുമത്തുകയും നാല് ഡീമെറിറ്റ് പോയിന്‍റുകൾ ലഭിക്കുകയും ചെയ്‌തതായി ഐസിസി പ്രസ്‌താനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യൻ താരത്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ നൽകേണ്ടതായിരുന്നുവെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ കരിയറില്‍ പലതവണ വിവാദത്തിലായിട്ടുള്ള താരമാണ് ഷാഹിദ് അഫ്രീദി.
അതേസമയം ധാക്കയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് വ്യത്യസ്‌ത കുറ്റങ്ങളിലാണ് ഏര്‍പ്പെട്ടതെന്ന് ഐസിസി അറിയിച്ചിരുന്നു. പുറത്തായതിന് ശേഷം സ്റ്റംപുകള്‍ ബാറ്റുകൊണ്ട് അടിച്ച് തെറിപ്പിക്കുകയും അമ്പയറോട് തര്‍ക്കിക്കുകയും ചെയ്‌തുവെന്നതാണ് ആദ്യത്തെ കുറ്റം. മത്സര ശേഷം അമ്പയര്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചുവെന്നതാണ് രണ്ടാമത്തെ കുറ്റം. ഹര്‍മന്‍ തെറ്റ് സമ്മതിച്ചതോടെ വിഷയത്തില്‍ ഔദ്യോഗിക വാദം കേള്‍ക്കലുണ്ടാവില്ലെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 34-ാം ഓവറില്‍ നഹിദ അക്തറിന്‍റെ പന്തില്‍ ഫഹിമ ഖാത്തൂന്‍ പിടികൂടിയായിരുന്നു ഹര്‍മന്‍പ്രീത് പുറത്തായത്. പന്ത് പാഡില്‍ തട്ടിയാണോ ഉയര്‍ന്നതെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും അമ്പയര്‍ ഉടന്‍ തന്നെ ഔട്ട് വിധിച്ചതാണ് ഹര്‍മനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ സ്‌റ്റംപ് അടിച്ച് തെറിപ്പിച്ച താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ അമ്പയര്‍മാരുമായി തര്‍ക്കത്തിലും ഏര്‍പ്പെട്ടിരുന്നു. മൈതാനത്ത് വച്ചുള്ള ഹര്‍മന്‍റെ ഈ പെരുമാറ്റം ഐസിസി പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 2- കുറ്റമാണിത്. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്‍റുകളുമാണ് താരത്തിന് ലഭിച്ചത്.
മത്സര ശേഷം സംസാരിക്കവെ അമ്പയര്‍ക്കെതിരായ പൊതു വിമര്‍ശനം ലെവല്‍ 1-ന്‍റെ പരിധിയില്‍ വരുന്നതാണ്. ഇതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റുമാണ് ഹര്‍മന്‍പ്രീതിനെതിരെ ചുമത്തിയത്. ഇതോടെയാണ് ഹര്‍മനെതിരായ പിഴ മാച്ച് ഫീയുടെ 75 ശതമാനത്തിലേക്കും ഡീമെറിറ്റ് പോയിന്‍റുകള്‍ നാലിലേക്കും എത്തിയത്.
ഡീമെറിറ്റ് പോയിന്‍റുകള്‍ നാല് ആയതോടെയാണ് ഹര്‍മന് രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഹര്‍മന്‍പ്രീത് കൗറിന് കളിക്കാനാവില്ല.