മുംബൈ : 2019-20ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ കുൽദീപ് യാദവിനെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്‌പിന്നർ എന്ന് വിശേഷിപ്പിച്ച കോച്ച് രവി ശാസ്‌ത്രിയുടെ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചെന്ന് ആർ അശ്വിൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ശാസ്ത്രിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ബസിനടിയിലേക്ക് തന്നെ എറിഞ്ഞതുപോലെ തോന്നിയെന്നായിരുന്നു അശ്വിൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ താരത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രവി ശാസ്‌ത്രി.
എല്ലാവരുടേയും റൊട്ടിയിൽ വെണ്ണ പുരട്ടലല്ല തന്‍റെ ജോലി എന്നാണ് ശാസ്‌ത്രി മറുപടി നൽകിയത്. അന്ന് കുൽദീപിനെക്കുറിച്ച് ഞാൻ പറഞ്ഞതിൽ അശ്വിന് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ അതിൽ ഞാൻ സന്തോഷവാനാണ്. ആ വാക്കുകളാണ് അവനെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിച്ചത്. അതിലൂടെയാണ് അവൻ ഇന്ന് മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നത് - ശാസ്ത്രി പറഞ്ഞു.
കുൽദീപിന് അവസരം നൽകിയ തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സിഡ്‌നിയിൽ അശ്വിന് പകരം കളിച്ച കുൽദീപ് വളരെ നന്നായി പന്തെറിഞ്ഞു. അതിനാൽ അവന് കൂടുതൽ അവസരങ്ങൾ നൽകി. മുൻധാരണകളില്ലാതെ സത്യസന്ധമായി കാര്യങ്ങൾ പറയുകയാണ് ഞാൻ ചെയ്‌തത് - ശാസ്ത്രി വ്യക്‌തമാക്കി.
READ MORE: 2018 ൽ വിരമിക്കാൻ തീരുമാനിച്ചിരുന്നു ; വെളിപ്പെടുത്തലുമായി അശ്വിൻ
2019ലെ അശ്വിന്‍റെ ബോളിങ്ങും 2021ലെ ബോളിങ്ങും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 2019 ൽ അശ്വിന് നൽകിയ നിർദേശം ഫിറ്റ്നസ് വീണ്ടെടുക്കണമെന്നതായിരുന്നു. അശ്വിൻ അതിനായി പരിശ്രമിക്കുകയും അതിലൂടെ ബോളിങ്ങ് മെച്ചപ്പെടുത്തുകയും ചെയ്‌തു. നിലവിൽ ലോകോത്തര ബോളറാണ് അശ്വിൻ, ശാസ്‌ത്രി കൂട്ടിച്ചേർത്തു.