ന്യൂഡല്‍ഹി : ദീപ്‌തി ശർമ-ചാർലി ഡീന്‍ റണ്ണൗട്ട് വിവാദം ഇംഗ്ലണ്ട് മാധ്യമങ്ങള്‍ കൈകാര്യം ചെയ്‌ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ ആശ്വിന്‍. 'അവര്‍ എപ്പോഴും ഇരവാദം ഉയര്‍ത്തുകയാണ്' ചെയ്യുന്നതെന്ന് അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ റണ്ണൗട്ടാണ് വിവാദത്തിലായത്.
ഇംഗ്ലണ്ട് ബാറ്റര്‍ ചാർലി ഡീനിനെ ബോളര്‍ ദീപ്‌തി ശര്‍മ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. അടുത്തിടെ ഐസിസി നിയമമായി അംഗീകരിച്ച പുറത്താക്കല്‍ രീതിയാണിത്. എന്നാല്‍ ഇത് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരും മാധ്യമങ്ങളും രംഗത്തെത്തുകയായിരുന്നു.
മാറ്റങ്ങള്‍ വരുമ്പോഴെല്ലാം ആദ്യം ചില ചെറുത്തുനിൽപ്പുകളുമുണ്ടാവുമെന്നും അശ്വിന്‍ പറഞ്ഞു. "തുടക്കത്തിൽ ലോകം മുഴുവൻ ഇതിനെ ഇങ്ങനെയാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ബോളർമാർ അവിടെ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മിക്കവരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
കുറ്റവാളിയാകേണ്ട വ്യക്തിയോട് ചോദിക്കുന്നതിന് പകരം എന്തിനാണ് നിരപരാധികളെ ചോദ്യം ചെയ്യുന്നതെന്ന് പലരും ചോദിച്ച് തുടങ്ങിയിരിക്കുന്നു. ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രമാണ് ഇതിൽ പ്രശ്‌നമുണ്ടെന്ന് തോന്നുന്നത്" - അശ്വിന്‍ പറഞ്ഞു.
"എന്‍റെ അഭിപ്രായത്തിൽ, അവർ എല്ലായ്‌പ്പോഴും ഇരവാദം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. പുതിയ എന്തെങ്കിലും സംഭവിക്കുമ്പോഴെല്ലാം, കുറച്ച് ആളുകൾ പ്രതിരോധിക്കാനുണ്ടാവും. അത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ദീപ്‌തി ശര്‍മ ചാര്‍ലി ഡീനിനെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ട് ആക്കിയതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ക്രീസിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു വിക്കറ്റ് കീപ്പർക്ക് സ്റ്റംപിങ്ങിലൂടെ തന്നെ പുറത്താക്കാനാകുമെന്ന് ഒരു ബാറ്റര്‍ക്ക് അറിയാം.
ഇതുപോലെ ക്രീസില്‍ നിന്ന് പുറത്തിറങ്ങുന്ന തന്നെ നിയമപരമായി റണ്ണൗട്ടാക്കാന്‍ കഴിയുമെന്ന് നോണ്‍ സ്‌ട്രൈക്കര്‍ ബാറ്ററും മനസിലാക്കണ്ടതുണ്ട്" - അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
2019ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്‌ലറെ അശ്വിന്‍ ഇതേരീതിയില്‍ റണ്ണൗട്ടാക്കിയിരുന്നു. ഈ പ്രത്യേക പുറത്താക്കൽ രീതിയെ "ബൗളർമാരുടെ വിപ്ലവം" ആയി കാണുന്നതായും താരം വ്യക്തമാക്കി.