ചെന്നൈ : വരാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഏതൊക്കെ താരങ്ങൾ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സീനിയർ താരങ്ങളോടൊപ്പം തന്നെ യുവതാരങ്ങളും ടീമിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലേക്ക് ഇടം നേടിയ അശ്വിൻ ഇത്തവണ ഏകദിന ലോകകപ്പ് കളിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അശ്വിനെ ടി20 ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അതിന് ശേഷം താരത്തിന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ പുറത്തായിരുന്നു താരം. ഏകദിന ലോകകപ്പിനായി ബിസിസിഐയുടെ പ്ലാനിലുള്ള താരങ്ങളെല്ലാം വിവിധ പരമ്പരകളുടെ തിരക്കിലാണ്.
എന്നാൽ അശ്വിനാകട്ടെ നാട്ടിലും. ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരകളിൽ ഒന്നും ഉൾപ്പെടുത്താത്തതിനാൽ തന്നെ ബിസിസിഐയുടെ ലോകകപ്പ് പദ്ധതികളിൽ അശ്വിനെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി അശ്വിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടീം സെലക്ഷന്‍ തന്‍റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടതില്ലെന്നുമാണ് അശ്വിൻ വ്യക്‌തമാക്കിയിരിക്കുന്നത്.
'ഏകദിന ലോകകപ്പ് ടീം സെലക്ഷനിൽ പരിഗണിക്കുമോ ഇല്ലയോ എന്നത് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. കാരണം ടീം സെലക്ഷൻ എന്‍റെ ജോലിയല്ല. എന്‍റെ നിയന്ത്രണത്തിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കില്ലെന്ന് വളരെ കാലം മുൻപ് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ജീവിതത്തിലും ക്രിക്കറ്റിലും ഞാൻ ഇപ്പോൾ നല്ല നിലയിൽ മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ തന്നെ നെഗറ്റിവിറ്റിയെ അകറ്റി നിർത്താൻ ഞാൻ ശ്രമിക്കുന്നു' - അശ്വിൻ പറഞ്ഞു.
ടീമിന്‍റെ ഭാഗമാകാൻ സാധിച്ചില്ലെങ്കിലും ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് നേടുന്നത് കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അശ്വിൻ പറഞ്ഞു. 'ആ ദിവസത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്. എനിക്ക് ഇനി പൂർത്തിയാക്കുന്നതിനായി ഒന്നും തന്നെ ബാക്കിയില്ല. ഞാൻ കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നതാണ് സത്യം' - അശ്വിൻ പറഞ്ഞു.
വിരമിക്കൽ തീരുമാനം : അതേസമയം ഒരു സമയത്ത് വിരമിക്കലിനെക്കുറിച്ച് താൻ ചിന്തിച്ചിരുന്നുവെന്നും അശ്വിൻ പറഞ്ഞു. 'പരിക്ക് കാരണമല്ല ഞാൻ വിരമിക്കാൻ തീരുമാനിച്ചിരുന്നത്. എന്‍റെ ശരീരത്തിൽ വിദഗ്‌ധനല്ലാത്തതിനാൽ ഞാൻ എങ്ങനെ സുഖം പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്‍റെ കരിയറിന് ചുറ്റും ചില അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നു, ഉണ്ടെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. നെഗറ്റീവ് ആയി ചിന്തിക്കുന്നത് വളരെ എളുപ്പമാണ്.
അതിൽ നിന്ന് എനിക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് ഞാൻ കരുതിയിരുന്ന ഒരു ഘട്ടമായിരുന്നു അത്. അത് ഒരു ചിന്ത മാത്രമാണ്. എന്നാൽ ഇപ്പോൾ ഞാൻ നന്നായി ബൗളിങ്ങും ബാറ്റിങ്ങും ചെയ്യുന്നുണ്ടെന്നാണ് എന്‍റെ വിശ്വാസം. കൊവിഡ് ആരംഭിച്ചത് മുതൽ കഴിഞ്ഞ മൂന്ന് വർഷമായി ബയോ ബബിളിനുള്ളിൽ കഴിയുകയും ധാരാളം മത്സരങ്ങൾ കളിക്കുകയും ചെയ്യുന്നു. സത്യത്തിൽ ഇപ്പോൾ എനിക്ക് ലഭിച്ചിരിക്കുന്നത് ഒരു ഇടവേളയാണ്.
ഇപ്പോഴത്തെ ഈ വിശ്രമം നല്ലതാണ്. എനിക്ക് വീട്ടിലിരിക്കാൻ ആഗ്രഹമുണ്ട്. കുറച്ചുകൂടി ക്ലബ് ക്രിക്കറ്റും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും കളിച്ച് അടുത്ത പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിനായുള്ള അവസരമാണിത്. എന്നെ സംബന്ധിച്ചിടത്തോളം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര മുന്നിലുണ്ട്. അതാണ് ലക്ഷ്യം' - രവിചന്ദ്രന്‍ അശ്വിന്‍ കൂട്ടിച്ചേർത്തു.