കൊളംബോ: അരങ്ങേറ്റ മത്സരത്തിൽ ഗോൾഡണ്‍ ഡക്കുമായി പൃഥ്വി ഷാ. ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയിൽ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ വിക്കറ്റ് കീപ്പർ മിനോദ് ഭാനുകക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ടി20 അരങ്ങേറ്റ മത്സരത്തിൽ ഡക്കാവുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് പൃഥ്വി ഷാ. ഇതിന് മുൻപ് കെ.എൽ രാഹുൽ 2016 സിംബാബ്‌വെക്കെതിരെ അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് ആയിരുന്നു.
2018 ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിലും 2020 ൽ ന്യൂസിലൻഡിനെതിരെ ഏകദിനത്തിലും അറങ്ങേറിയ പൃഥ്വി ഷാക്ക് ടി 20 യിലെ അരങ്ങേറ്റം കയ്പ്പുള്ള അനുഭവമായി മാറിയിരിക്കുകയാണ്. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് പൃഥ്വി ഷാ സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ സെഞ്ചുറി കുറിക്കുമ്പോൾ 18 വയസും319 ദിവസവുമായിരുന്നു ഷായുടെ പ്രായം.
ALSO READ: വരുണും ഷായും അരങ്ങേറി, സഞ്ജു ടീമില്‍; ടി20യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു
അതേസമയം ഏകദിന ടീമിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. പൃഥ്വി ഷാക്കൊപ്പം വരുണ്‍ ചക്രവർത്തിയും ടി 20 യിൽ ഇന്ത്യക്കായി ഈ മത്സരത്തിലൂടെ അരങ്ങേറിയിട്ടുണ്ട്. മൂന്ന് പരമ്പരകളുടെ മത്സരമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.