ന്യൂഡൽഹി: ബാക്ക് അപ്പ് താരങ്ങളായി ശ്രീലങ്കന്‍ പര്യടനത്തിലുള്ള പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ ആവശ്യം തള്ളി സെലക്ടര്‍മാര്‍. ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇരു താരങ്ങളേയും അയക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 28ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയ്ക്ക് മാനേജ്മെന്‍റ് ഇ-മെയിൽ അയച്ചിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ സാന്നിധ്യത്തിലാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും, നിലവിലെ താരങ്ങളെ എത്തരത്തിലാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന കാര്യത്തില്‍ മാനേജ്മെന്‍റിന് വ്യക്തത വേണമെന്നുമാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. പരിക്കേറ്റ ഗില്ലിനോട് തിരികെ നാട്ടിലേക്ക് മടങ്ങാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
also read: യൂറോ കപ്പ്; എക്‌സ്ട്രാ ടൈമിൽ വിജയ ഗോൾ, ഡെൻമാർക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ
നിലവില്‍ ഇംഗ്ലണ്ടിലുള്ള 20 അംഗ ടീമില്‍ കെഎല്‍ രാഹുലും അഭിമന്യു ഈശ്വരനുമുണ്ടെങ്കിലും രാഹുലിനെ മധ്യനിരയിലേക്ക് പരിഗണിക്കാനാവൂവെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരുന്നത്. ഓപ്പണിങ് സ്ഥാനത്തേക്ക് റിസര്‍വ് താരമായി ഉള്‍പ്പെട്ട അഭിമന്യു ഈശ്വരന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പാകമായിട്ടില്ലെന്നും ടോപ് ക്വാളിറ്റി ടെസ്റ്റുകള്‍ കളിക്കുന്നതിനായി താരം സാങ്കേതികമായി ഇനിയും മെച്ചപ്പെടാനുണ്ടെന്നും മാനേജ്മെന്‍റ് പറഞ്ഞിരുന്നു.
ഇതോടെ മായങ്ക് അഗര്‍വാളിന് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ടീമിന് തിരിച്ചിടിയാവുമെന്നായിരുന്നു മാനേജ്മെന്‍റ് സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചിരുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിനാണ് തുടങ്ങുക.