കറാച്ചി: മാസങ്ങളായി, ഏഷ്യ കപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും വേദികള്‍ സംബന്ധിച്ച ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കങ്ങളാണ് ക്രിക്കറ്റ് ലോകത്ത് പ്രധാന സംസാര വിഷയം. പാകിസ്ഥാന്‍ അതിഥേയരാവുന്ന ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായതിന് പിന്നാലെ ഏകദിന ലോകകപ്പിന്‍റെ വേദിയില്‍ പാകിസ്ഥാന്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മതിയായ കാരണങ്ങളില്ലാത്തതിനാല്‍ പാകിസ്ഥാന്‍റെ ഈ ആവശ്യം തള്ളിയ ബിസിസിഐയും ഐസിസിയും ഏകദിന ലോകകപ്പിന്‍റെ ഷെഡ്യൂള്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു.
എന്നാല്‍ ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമാണ് ഏകദിന ലോകകപ്പില്‍ തങ്ങളുടെ ടീം പങ്കെടുക്കുകയെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലോകകപ്പില്‍ ടീം പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു കമ്മിറ്റിയ്‌ക്ക് രൂപം നല്‍കുകയും ചെയ്‌തിരുന്നു.
വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അധ്യക്ഷനായ കമ്മിറ്റിയില്‍ 11 മന്ത്രിമാരാണുള്ളത്. ഇപ്പോഴിതാ ഏഷ്യ കപ്പിന് നിഷ്‌പക്ഷ വേദി വേണമെന്ന് ഇന്ത്യ വാശിപിടിച്ചാല്‍ ഏകദിന ലോകകപ്പിനായി തങ്ങളും സമാന ആവശ്യമുന്നയിക്കുമെന്നാണ് പ്രസ്‌തുത കമ്മിറ്റിയില്‍ അംഗമായ കായിക മന്ത്രി എഹ്‌സാന്‍ മസാരി പറയുന്നത്.
"എന്‍റെ വ്യക്തിപരമായ അഭിപ്രായം, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എന്‍റെ മന്ത്രാലയത്തിന് കീഴിലാണ്, ഇന്ത്യ അവരുടെ ഏഷ്യ കപ്പ് മത്സരങ്ങൾ ഒരു നിഷ്പക്ഷ വേദിയിൽ വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ, ഞങ്ങൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കും അത് ആവശ്യപ്പെടും," കായിക മന്ത്രി എഹ്‌സാൻ മസാരി പറഞ്ഞു. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തോടാണ് പാകിസ്ഥാന്‍ കായിക മന്ത്രിയുടെ പ്രതികരണം.
എന്നാല്‍ ടീമിനെ അയല്‍ രാജ്യത്തേക്ക് അയയ്‌ക്കുന്നതിലെ അന്തിമ തീരുമാനം 11 അംഗ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേട്ടതിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ രക്ഷാധികാരി കൂടിയായ പ്രധാന മന്ത്രിയായിരിക്കും എടുക്കുക. അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ 10 ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഐസിസി ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാകിസ്ഥാന്‍ ഐസിസിയുമായി കരാര്‍ ഒപ്പുവച്ചതായി ഔദ്യോഗിക വക്താവ് പ്രതികരിച്ചിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മത്സരിക്കാന്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അംഗങ്ങള്‍ തങ്ങളുടെ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണം.
അതിനെ തങ്ങള്‍ മാനിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പിന് പാകിസ്ഥാന്‍ ഇന്ത്യയിലുണ്ടാവുമെന്ന് ഉറപ്പുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഇതിന് പിന്നാലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സുരക്ഷ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയക്കാൻ പാകിസ്ഥാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.