മുംബൈ: ടി20 ലോകകപ്പില്‍ പാകിസ്ഥാനോടുള്ള തോല്‍വിക്ക് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വലിയ തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളുണ്ടായിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ മത്സരത്തില്‍ 3.5 ഓവറില്‍ ഷമി 43 റണ്‍സ് വഴങ്ങിയിരുന്നു.
ഷമിക്കൊപ്പം മറ്റ് ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജായപ്പെട്ടിരുന്നുവെങ്കിലും, കടുത്ത രീതിയിലുള്ള വംശീയ ആക്രമണമാണ് ഷമിക്ക് നേരെയുണ്ടായത്. ഇതിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തുകയും ചെയ്‌തിരുന്നു.
മതത്തിന്‍റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ഷമിയെ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവരാണെന്നായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ഇത്തരം ട്രോളുകളോടും മറ്റ് പ്രചാരണങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് ഷമി.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. 'അജ്ഞാതരായ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളോ, കുറച്ച് ഫോളോവേഴ്‌സുള്ളവരോ ആരുടെയെങ്കിലും നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ല. കാരണം അവരാരും ഒന്നുമല്ല.
എന്നാല്‍ ഞങ്ങള്‍ എന്താണെന്നും, ഇന്ത്യ ഞങ്ങള്‍ക്ക് എന്താണെന്നും ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഞങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും രാജ്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ട്രോളുകള്‍ക്കെതിരെ പറഞ്ഞോ, പ്രതികരിച്ചോ ആരോടും ഒന്നും തെളിയിക്കേണ്ടതില്ല'' ഷമി പറഞ്ഞു.
also read: റഷ്യയ്‌ക്കെതിരെ കളിക്കാനില്ല; ഫിഫയുടെ നിലപാട് അംഗീകരിക്കില്ലെന്നും സ്വീഡിഷ് ഫെഡറേഷന്‍
അതേസമയം ഇത്തരം ട്രോളുകളുണ്ടാക്കുന്നവര്‍ തന്‍റെയോ, ഇന്ത്യയുടെയോ യഥാര്‍ഥ ആരാധകരല്ലെന്നും ഷമി പറഞ്ഞു. ''എന്‍റെ മനസിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരാളെ എന്‍റെ റോൾ മോഡലായി കാണുന്നുവെങ്കിൽ, ഞാൻ ഒരിക്കലും ആ വ്യക്തിയെക്കുറിച്ച് മോശമായി സംസാരിക്കില്ല.
ആരെങ്കിലും എന്നെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞാൽ, അയാൾക്ക് എന്‍റെ ആരാധകനോ ഇന്ത്യൻ ടീമിന്‍റെ ആരാധകനോ ആകാൻ കഴിയില്ല. അതിനാൽ, അവര്‍ പറയുന്നതൊന്നും ഞാൻ കാര്യമാക്കുന്നില്ല, ”ഷമി വ്യക്തമാക്കി.