ഡബ്ലിൻ: അയർലൻഡിനെതിരെ ഞായറാഴ്‌ച ആരംഭിക്കുന്ന രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയിൽ മലയാളി താരം സഞ്‌ജു സാംസണ്‍ കളിച്ചേക്കും. ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കുന്നതിനാൽ റിഷഭ് പന്തിനെയും, ശ്രേയസ് അയ്യരെയും ടി20 പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സ്ഥാനത്തേക്കാണ് സഞ്‌ജു സാംസണും, സൂര്യകുമാർ യാദവും ഇടം നേടുക. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സീനിയർ ബാറ്റർ ദിനേഷ് കാർത്തിക്കിനെ പരിഗണിക്കുന്നതിനാൽ മൂന്നാം നമ്പർ ബാറ്ററുടെ റോളിലാകും സഞ്‌ജു പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുക.
ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ടിലായതിനാൽ എൻസിഎ തലവൻ വിവിഎസ് ലക്ഷ്‌മണാണ് അയർലൻഡിനെതിരായ ഇന്ത്യൻ സംഘത്തെ പരിശീലിപ്പിക്കുക. മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്ന സഞ്‌ജു സാംസണും, കൈക്കുഴയ്‌ക്കേറ്റ പരിക്കിൽ നിന്ന് മുക്‌തനായി തിരിച്ചെത്തുന്ന സൂര്യകുമാർ യാദവിനും ഈ പരമ്പര ഏറെ നിർണായകമാണ്.
സഞ്‌ജു സാംസണെ സംബന്ധിച്ച് ടി20 ലോകകപ്പിൽ ഇടം നേടുന്നതിനുള്ള അവസാന അവസരമായിരിക്കും അയർലൻഡിനെതിരായ പരമ്പര. മുൻപ് വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് സഞ്‌ജുവിന് പ്രധാന വെല്ലുവിളി തീർത്തിരുന്നത് റിഷഭ് പന്തായിരുന്നു. എന്നാൽ മിന്നും ഫോമിൽ ദിനേശ് കാർത്തിക് ശക്‌തമായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്‌ജുവിന് ഇനി കൂടുതൽ പ്രയത്‌നിക്കേണ്ടി വരും.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തിളങ്ങാനായില്ലെങ്കിലും അയർലൻഡിനെതിരെ ഓപ്പണിങ് സ്ഥാനത്തേക്ക് ഇഷാൻ കിഷനൊപ്പം റിതുരാജ് ഗെയ്‌ക്‌വാദിനെ തന്നെ പരിഗണിക്കും. കഴിഞ്ഞ പരമ്പരയിൽ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഹാർദിക് പാണ്ഡ്യ ദിനേഷ് കാർത്തിക്കിനൊപ്പം ഫിനിഷർ റോളിൽ തന്നെയാകും ബാറ്റ് വീശുക. ബോളർമാരിൽ ഉമ്രാൻ മാലിക്കിനും, അർഷ് ദീപ് സിങ്ങിനും അവസരം കിട്ടാനും സാധ്യതയുണ്ട്.