മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്‍റെ മകൻ അർജുൻ ടെൻഡുൽക്കറെ 30 ലക്ഷം രൂപക്കാണ് ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. എന്നാൽ ഒരൊറ്റ മത്സരത്തിൽ പോലും താരപുത്രനെ മുംബൈ കളത്തിലിറക്കിയിരുന്നില്ല. കഴിഞ്ഞ സീസണിലും അർജുന് മുംബൈ അവസരം നൽകിയിരുന്നില്ല.
ഇത്തവണത്തെ ഐപിഎല്ലിൽ ആദ്യ ഘട്ടത്തിൽ തന്നെ മുംബൈ പുറത്താകലിന്‍റെ വക്കിലെത്തിയപ്പോഴും അർജുന് അവസരം നൽകുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ അപ്പോഴും അവസരം നൽകാൻ മുംബൈ തയ്യാറായില്ല. ഇപ്പോൾ അർജുന് അവസരം നൽകാത്തതിന്‍റെ കാരണം വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയുടെ ബോളിങ് കോച്ച് ഷെയ്‌ൻ ബോണ്ട്.
അർജുൻ ചില മേഖലകളിൽ മെച്ചപ്പെടേണ്ടതുണ്ട് എന്നാണ് ഷെയ്‌ൻ ബോണ്ടിന്‍റെ അഭിപ്രായം. മുംബൈ ഇന്ത്യൻസിനെ പോലൊരു ടീമിന് വേണ്ടി കളിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. മുംബൈ പോലൊരു ടീമിന്‍റെ ഭാഗമാകുന്നത് വലിയ കാര്യമാണ്. പക്ഷേ പ്ലേയിങ് ഇലവനിലെത്തുകയെന്നത് മറ്റൊരു തലമാണ്.
ഉയർന്ന തലത്തിൽ തന്നെയാണ് അർജുൻ കളിക്കുന്നത്. എന്നാൽ അവൻ ബാറ്റിങ്ങും ഫീൽഡിങ്ങും ഇനിയും മെച്ചപ്പെടുത്താനുണ്ട്. അതിന് വേണ്ട പരിശീലനങ്ങളെല്ലാം ഞങ്ങൾ അവന് നൽകിവരുന്നുണ്ട്. അർജുൻ ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. പുരോഗതി കൈവരിച്ച് അവൻ ടീമിൽ സ്ഥാനം നേടിയെടുക്കുമെന്നാണ് പ്രതീക്ഷ, ബോണ്ട് കൂട്ടിച്ചേർത്തു.