അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ (ഏപ്രില്‍ 16) അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഉള്‍പ്പടെ ഇരു ടീമുകളും നേരത്തെ തമ്മിലേറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും രാജസ്ഥാന് തോല്‍വിയോടെ മടങ്ങേണ്ടി വന്നിരുന്നു. അതിന്‍റെയെല്ലാം കടം വീട്ടല്‍ കൂടിയായിരുന്നു ഇന്നലത്തെ റോയല്‍സ് ജയം.
ഹര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ 3 വിക്കറ്റിന്‍റെ ആവേശജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 177 റണ്‍സ് നേടിയിരുന്നു. മറുപടിക്കിറങ്ങിയ രാജസ്ഥാനായി നായകന്‍ സഞ്‌ജുവും ഹെറ്റ്‌മെയറും അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ അവര്‍ 19.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
26 പന്തില്‍ 56 റണ്‍സ് അടിച്ചുകൂട്ടിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ആയിരുന്നു രാജസ്ഥാനെ ജയത്തിലെത്തിച്ചത്. നായകന്‍ സഞ്‌ജു സാംസണിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ജയത്തിലേക്ക് കുതിക്കാനായി റോയല്‍സിന് അടിത്തറ പാകിയത്. 32 പന്ത് നേരിട്ട സഞ്‌ജു മത്സരത്തില്‍ 6 സിക്‌സറുകളുടെയും 3 ഫോറിന്‍റെയും അകമ്പടിയില്‍ 60 റണ്‍സ് നേടിയാണ് മടങ്ങിയത്.
ഗുജറാത്തിനെതിരായ തട്ടുപൊളിപ്പന്‍ പ്രകടനത്തോടെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും സഞ്‌ജുവിനായി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന് വേണ്ടി 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്നലെ സഞ്‌ജു സാംസണ്‍ സ്വന്തം പേരിലാക്കിയത്. പ്രഥമ സീസണിലെ ചാമ്പ്യന്‍മാരായ രാജസ്ഥാനായി കളത്തിലിറങ്ങിയ 115-ാം ഇന്നിങ്‌സിലായിരുന്നു സഞ്‌ജുവിന്‍റെ നേട്ടം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് 2013ല്‍ രാജസ്ഥാനിലെത്തിയ സഞ്‌ജു ആ വര്‍ഷം ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ (പഞ്ചാബ് കിങ്‌സ്) ആണ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ സീസണില്‍ ഐപിഎല്ലിലെ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനും സഞ്‌ജുവിന് സാധിച്ചിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനും സഞ്‌ജുവിനായിട്ടുണ്ട്. അവസാന ആറ് സീസണിലും റോയല്‍സിനായി താരം 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്‌തിരുന്നു. രാജസ്ഥാന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും സഞ്‌ജുവിന്‍റെ പേരിലാണ്.
ഐപിഎല്‍ കരിയറില്‍ ഇതുവരെ 121 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള സഞ്‌ജു 30.16 ശരാശരിയില്‍ 3198 റണ്‍സാണ് നേടിയിട്ടുള്ളത്. രാജസ്ഥാന് ഐപിഎല്ലില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നപ്പോള്‍ രണ്ട് വര്‍ഷം ഡല്‍ഹിക്കൊപ്പവും താരം കളിച്ചിരുന്നു.
Also Read: IPL 2023| തുടക്കമിട്ട് സഞ്ജു, അടിച്ചൊതുക്കി ഹെറ്റ്‌മെയർ; ഗുജറാത്തിനോട് കണക്ക് തീർത്ത് രാജസ്ഥാൻ
നിലവിലെ ഐപിഎല്‍ സീസണിലും മികച്ച പ്രകടനമാണ് സഞ്‌ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ 55 റണ്‍സ് നേടിയ സഞ്‌ജു പഞ്ചാബ് കിങ്‌സിനെതിരെ 42 റണ്‍സും നേടി. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന സഞ്ജു ഗുജറാത്തിനെതിരായ പ്രകടനത്തോടെയാണ് ഫോമിലേക്ക് തിരികെയെത്തിയത്.