മുംബൈ: രാജസ്ഥാൻ റോയൽസിന്‍റെ മധ്യനിര താരം റിയാൻ പരാഗിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ മുൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ രണ്ട് സീസണുകളിലായി മോശം പ്രകടനം പുറത്തെടുത്തിട്ടും പരാഗിനെ എന്തിനാണ് ടീമിൽ പിന്നെയും ഉൾപ്പെടുത്തുന്നത് എന്നാൽ മഞ്ജരേക്കർ ചോദിച്ചത്. ഐപിഎൽ മെഗാ താരലേലത്തിൽ 3.8 കോടി മുടക്കിയാണ് പരാഗിനെ രാജസ്ഥാൻ തിരികെ ടീമിലെത്തിച്ചത്.
'കഴിഞ്ഞ രണ്ട് സീസണിൽ പരാഗിന്‍റെ ബാറ്റിങ് ആവറേജ് 11 ആണ്. 110 ന് അടുത്താണ് അവന്‍റെ സ്‌ട്രൈക്ക് റൈറ്റ്. എന്നിട്ടും രാജസ്ഥാൻ അവനെ 3.8 കോടി എന്ന വലിയ തുക മുടക്കി ടീമിലെത്തിച്ചു. കഴിഞ്ഞ മൂന്ന് വർഷം നമ്മൾ അയാളിൽ കാണാത്ത എന്തോ ഒന്ന് രാജസ്ഥാൻ അയാളിൽ കാണുന്നുണ്ട്'- മഞ്ജരേക്കർ പറഞ്ഞു.
ഈ സീസണിൽ ഇതുവരെ 12, 5, 8, 18 എന്നിങ്ങനെയാണ് പരാഗിന്‍റെ സ്കോർ. 17-ാം വയസിലാണ് താരം രാജസ്ഥാൻ റോയൽസിൽ അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ അർധ സെഞ്ച്വറി നേടി ഐപിഎല്ലിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പരാഗ് തന്‍റെ പേരിൽ കുറിച്ചിരുന്നു.