ജയ്‌പൂര്‍: ഐപിഎല്‍ 16-ാം പതിപ്പിലെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 59 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറും റോയല്‍സിന്‍റെ കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലും. ആണിത്.
ബാംഗ്ലൂരിനോടേറ്റ ഈ കനത്ത തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേഓഫ് മോഹങ്ങള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. സീസണില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെ വമ്പന്‍ ജയം നേടിയാലും മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ കൂടി ആശ്രയിച്ചായിരിക്കും ഇനി രാജസ്ഥാന് മുന്നേറ്റം സാധ്യമാകുന്നത്. ഈ ഒരു സാഹചര്യത്തില്‍ അവസാന മത്സരത്തിന് മുന്‍പ് റോയല്‍സ് ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ടീം ഡയറക്‌ടര്‍ കുമാര്‍ സംഗക്കാര.
- — Rajasthan Royals (@rajasthanroyals) May 14, 2023 " class="align-text-top noRightClick twitterSection" data="
— Rajasthan Royals (@rajasthanroyals) May 14, 2023
">— Rajasthan Royals (@rajasthanroyals) May 14, 2023
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരശേഷമുള്ള ടീം മീറ്റിങ്ങിലായിരുന്നു സംഗക്കാരയുടെ പ്രതികരണം. അവസാന ഹോം മത്സരത്തിലെ മോശം പ്രകടനത്തിന് ഓരോ താരങ്ങളെയായി കുറ്റപ്പെടുത്താന്‍ ശ്രമിക്കാതെ അടുത്ത മത്സരത്തെ കുറിച്ച് വേണം ഓരോരുത്തരും ചിന്തിക്കേണ്ടതെന്ന് സംഗക്കാര പറഞ്ഞു.
'നമുക്ക് ഒരു കളി കൂടി ഇനി കളിക്കാനുണ്ട്. സംഭവിച്ചുപോയ കാര്യങ്ങളൊന്നും ഇനി എത്ര സംസാരിച്ചാലും പറഞ്ഞാലും മാറ്റിയെടുക്കാന്‍ കഴിയില്ല. ഇനിയും മുന്നിലേക്ക് പോയി ചെയ്യേണ്ട കാര്യങ്ങളുണ്ട്.
ഒരു മത്സരം കളിക്കാനും അതില്‍ ജയം പിടിക്കാനും ഇനി ബാക്കിയുണ്ട്. അതിനെ കുറിച്ചായിരിക്കണം ഇനി നിങ്ങളുടെ ചിന്ത. തെറ്റുകളില്‍ നിന്നും കാര്യങ്ങള്‍ പഠിക്കൂ', സംഗക്കാര പറഞ്ഞു.
മെയ് 19ന് പഞ്ചാബിനെതിരെ ധരംശാലയിലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലീഗിലെ അവസാന മത്സരം. കഴിഞ്ഞ തോല്‍വി മറന്ന് മുഴുവന്‍ താരങ്ങളും ഈ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കുമാര്‍ സംഗക്കാര കൂട്ടിച്ചേര്‍ത്തു.
പ്ലേഓഫ് സാധ്യത ഇങ്ങനെ: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ജയം പിടിച്ചാല്‍ രാജസ്ഥാന് 14 പോയിന്‍റാകും. വമ്പന്‍ ജയമാണ് നേടുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റും സഞ്ജുവിനും സംഘത്തിനും മെച്ചപ്പെടുത്താന്‍ സാധിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം തോല്‍വി വഴങ്ങിയാല്‍ രാജസ്ഥാന് പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലേക്ക് എത്താം. എട്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒന്നില്‍ തോല്‍ക്കുന്നതും രാജസ്ഥാന് അനുകൂലമാണ്.