ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്, വിരാട് കോലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് വഴങ്ങിയത്. സീസണിലെ മിന്നും കുതിപ്പിന് ശേഷമായിരുന്നു രാജസ്ഥാന്‍റെ തുടര്‍ തോല്‍വികള്‍ എന്നത് ശ്രദ്ധേയമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് ഏറ്റ തോല്‍വി മറന്ന് വിജയ വഴിയില്‍ തിരിച്ചെത്താനായിരുന്നു സഞ്‌ജുവും സംഘവും ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമിയില്‍ ഇറങ്ങിയത്.
എന്നാല്‍ ഏഴ് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു സംഘത്തെ കാത്തിരുന്നത്. ഇപ്പോഴിതാ ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെ രാജസ്ഥാന്‍റെ ഡ്രസിങ് റൂമില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയെ തീ പിടിപ്പിക്കുകയാണ്. തോല്‍വിയില്‍ തളരാതിരിക്കാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ സഹതാരങ്ങള്‍ക്ക് ശക്തിപകരുന്ന പ്രസംഗത്തിന്‍റെ വീഡിയോയാണിത്.
-
Sanju Samson. 💗💗💗 pic.twitter.com/fZmuYk4Wyl
— Rajasthan Royals (@rajasthanroyals) April 23, 2023 " class="align-text-top noRightClick twitterSection" data="
">Sanju Samson. 💗💗💗 pic.twitter.com/fZmuYk4Wyl
— Rajasthan Royals (@rajasthanroyals) April 23, 2023Sanju Samson. 💗💗💗 pic.twitter.com/fZmuYk4Wyl
— Rajasthan Royals (@rajasthanroyals) April 23, 2023
വിജയം നേടിയാലും തോല്‍വി വഴങ്ങിയാലും ടീം കളിക്കുന്ന രീതിയെ മാറ്റില്ല. സ്വയവും മറ്റുള്ളവരിലും വിശ്വസിക്കാനാണ് സഞ്‌ജു സഹതാരങ്ങളോട് പറയുന്നത്. "ഏറെ വിനയാന്വിതരായി തുടരുക എന്നതാണ് നമ്മുടെ ടീമിന്‍റെയും ഫ്രാഞ്ചൈസിയുടെയും ശൈലി. എത്ര ഉയരത്തിലാണെങ്കിലും താഴെയാണെങ്കിലും നമ്മൾ നമ്മളിൽ തന്നെ വിശ്വസിക്കുന്നു.
അത്രയും ലളിതമാണത്. നമ്മൾ സ്വയവും ഓരോരുത്തരിലും വിശ്വസിക്കുക. ആര്‍ക്ക് നേരെയും ചൂണ്ടുന്ന ഒരൊറ്റ വിരലുമില്ല. അതാണ് നമ്മൾ പിന്തുടരേണ്ട നിയമം. ഈ ടീമിൽ, ആരും അവരുടെ സ്ഥാനങ്ങൾക്കായി കളിച്ചിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മള്‍ എല്ലായ്‌പ്പോഴും ടീമിന് വേണ്ടിയാണ് കളിക്കാറുള്ളത്.
ഇക്കാര്യം ഞാന്‍ വീണ്ടും ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു", സഞ്‌ജു സാംസണ്‍ പറഞ്ഞു. ഏറെ പക്വതയോടെയുള്ള വാക്കുകള്‍ സഞ്‌ജുവിലെ യഥാര്‍ഥ നായകനെയാണ് കാണിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
ബാംഗ്ലൂരിനെതിരായ തോല്‍വിക്ക് പിന്നാലെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം രാജസ്ഥാന്‍ റോയല്‍സിന് നഷ്‌ടമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രാജസ്ഥാനെ മറികടന്ന് ഒന്നാമത് എത്തിയത്. അതേസമയം ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നേടിയ 189 റണ്‍സിന് മറുപടിക്കിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെ നേടാന്‍ കഴിഞ്ഞുള്ളു.
34 പന്തില്‍ 52 റണ്‍സ് നേടിയ ദേവ്‌ദത്ത് പടിക്കലായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 47 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും തിളങ്ങി. ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലറെ (2 പന്തില്‍ 0) നഷ്‌ടമായ രാജസ്ഥാനെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാൾ-ദേവ്‌ദത്ത് പടിക്കല്‍ സഖ്യം ഒരു ഘട്ടത്തില്‍ മത്സരത്തിലേക്ക് തിരികെ എത്തിച്ചിരുന്നു.
പടിക്കല്‍ മടങ്ങിയതിന് ശേഷമെത്തിയ നായകന്‍ സഞ്‌ജു സാംസണ് മികച്ച തുടക്കം ലഭിച്ചുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 15 പന്തില്‍ 22 റണ്‍സെടുത്ത സഞ്‌ജുവിനെ ഹര്‍ഷല്‍ പട്ടേല്‍ ഷഹ്ബാസ് അഹമ്മദിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ ജയ്‌സ്വാളും പിന്നീട് ഷിമ്രോണ്‍ ഹെറ്റ്‌മെയറും (9 പന്തില്‍ 3) മടങ്ങിയത് മത്സരത്തില്‍ വഴിത്തിരിവായി.
തുടര്‍ന്ന് ധ്രുവ് ജുറലും (16 പന്തില്‍ 34*) ആര്‍ അശ്വിനും (6 പന്തില്‍ 12) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച ടോട്ടലില്‍ എത്തിച്ചത്.