മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. രണ്ട് ടീമുകളും ഒന്നിനൊന്ന് ശക്തമായതിനാല്‍ തീപാറും പോരാട്ടം ഉറപ്പ്. മുംബൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.
അവസാന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍വി നേരിട്ട കൊൽക്കത്ത ഹാട്രിക് തോല്‍വി ഒഴവാക്കാനുറച്ചാവും രാജസ്ഥാനെതിരെ ഇറങ്ങുക. വെങ്കടേഷ് അയ്യര്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നു. ആരോണ്‍ ഫിഞ്ചും ശ്രേയസ് അയ്യരും ഫോമിലേക്കെത്തേണ്ടതായുണ്ട്. പേസര്‍മാരായ ഉമേഷ് യാദവും പാറ്റ് കമ്മിന്‍സും ഡെത്ത് ഓവറില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.
മറുവശത്ത് അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് രാജസ്ഥാനും ഇറങ്ങുന്നത്. ജോസ് ബട്‌ലര്‍ ഭേദപ്പെട്ട ഫോമില്‍ തുടരുമ്പോഴും ദേവ്ദത്ത് പടിക്കലിനും സഞ്ജു സാംസണിനും സ്ഥിരത കണ്ടെത്താനായിട്ടില്ല. ഷിംറോന്‍ ഹെറ്റ്‌മെയറിന്‍റെ മധ്യനിരയിലെ വെടിക്കെട്ട് ടീമിന് കരുത്ത് നല്‍കുന്നു.
ALSO READ:IPL 2022 | ചെന്നൈ അന്തകനായി കില്ലർ മില്ലർ, തകർത്തടിച്ച് റാഷിദും; ഗുജറാത്തിന് അഞ്ചാം ജയം
ആര്‍. അശ്വിൻ, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ സ്‌പിന്നുകൊണ്ട് മികവ് കാട്ടുന്നു. ട്രെന്‍റ് ബോൾട്ടിന് പകരം ജിമ്മി നീഷമെത്തിയെങ്കിലും റണ്ണൊഴുക്ക് തടയാനാകാത്തത് ആശങ്കയാണ്.
നേർക്കുനേർ; ഇരു ടീമുകളും മുഖാമുഖം വന്ന 25 പോരാട്ടങ്ങളില്‍ 13 കളികളിൽ കൊൽക്കത്തയും 11 തവണ രാജസ്ഥാനും ജയിച്ചു. അവസാനം ഏറ്റുമുട്ടിയ അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചു. കഴിഞ്ഞ സീസണിലെ ഇരു മത്സരങ്ങളില്‍ ഓരോ ജയം വീതം ടീമുകള്‍ പങ്കിട്ടു.