അഹമ്മദാബാദ്: കരിയറില്‍ മികച്ച ഫോമിലാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. ഇന്ത്യയ്‌ക്കായുള്ള തന്‍റെ മിന്നും ഫോം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി തുടരാനുള്ള ശ്രമത്തിലാണ് താരം. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്തിനായി 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 39 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ നേടിയത്.
ഇതോടെ വിരാട് കോലി, സഞ്‌ജു സാംസണ്‍, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളെ പിന്നിലാക്കി ഐപിഎല്ലിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗില്‍. ലീഗില്‍ 2,000 എന്ന നാഴികകല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ശുഭ്‌മാന്‍ ഗില്‍ സ്വന്തമാക്കിയത്. ഇന്ന് കൊല്‍ക്കത്തയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ ഐപിഎല്ലില്‍ 2000 റണ്‍സ് എന്ന നേട്ടത്തിലേക്ക് വെറും 23 റണ്‍സിന്‍റെ കുറവ് മാത്രമായിരുന്നു ഗില്ലിനുണ്ടായിരുന്നത്.
39 റണ്‍സടിച്ച് തിരിച്ച് കയറിയതോടെ നിലവില്‍ 77 മത്സരങ്ങളില്‍ നിന്നും 2,016 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. പ്രായത്തിന്‍റെ കണക്കെടുക്കുമ്പോള്‍ 23 വയസും 214 ദിവസവുമാണ് ഇന്ന് ഗില്ലിന്‍റെ പ്രായം. ഇതോടെ ഐപിഎല്ലില്‍ 2000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡില്‍ സഞ്‌ജു സാംസണ്‍ (24 വയസും 140 ദിവസവും), വിരാട് കോലി (24 വയസും 175 ദിവസവും), സുരേഷ് റെയ്‌ന (25 വയസും 155 ദിവസവും) എന്നിവര്‍ ഗില്ലിന് പിന്നിലായി.
റിഷഭ് പന്താണ് ഈ പട്ടികയില്‍ ഗില്ലിന് മുന്നിലുള്ളത്. 23 വയസും 27 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്ലില്‍ 2000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ പന്തിന് കഴിഞ്ഞിട്ടുണ്ട്. മത്സരത്തിലെ പ്രകടനത്തോടെ ഐപിഎല്ലില്‍ 200 ബൗണ്ടറികളെന്ന നാഴികകല്ല് പിന്നിടാനും ഗില്ലിന് കഴിഞ്ഞു. കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങും മുമ്പ് 197 ബൗണ്ടറികളായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്.
ഇന്ന് അഞ്ച് ബൗണ്ടറികള്‍ കണ്ടെത്തിയതോടെ നിലവില്‍ 202 ബൗണ്ടറികള്‍ താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. ഈ വര്‍ഷം ഇന്ത്യയ്‌ക്കായുള്ള തകര്‍പ്പന്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ ഓപ്പണറാവാനുള്ള ശക്തമായ അവകാശവാദം ഉന്നയിക്കാന്‍ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്. വര്‍ഷാവസാനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയുടെ ഓപ്പണറായി 23കാരനായ ശുഭ്‌മാന്‍ ഗില്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം കൊല്‍ക്കത്തയ്‌ക്ക് എതിരെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സ് നേടിയിരുന്നു. വിജയ് ശങ്കര്‍, സായ് സുദര്‍ശന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
പുറത്താവാതെ 24 പന്തില്‍ നാല് ഫോറുകളും അഞ്ച് സിക്‌സും സഹിതം 63 റണ്‍സ് നേടിയ വിജയ് ശങ്കറാണ് ടീമിന്‍റെ ടോപ് സ്‌കോററായത്. 38 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 53 റണ്‍സാണ് സായ് സുദര്‍ശന്‍റെ സമ്പാദ്യം.