ബാംഗ്ലൂർ : ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായി ഗുജറാത്ത് എത്തുമ്പോൾ ബാംഗ്ലൂർ നിരയിൽ കരണ്‍ ശർമക്ക് പകരം ഹിമാൻഷു ശർമ ഇടം നേടി.
ഇന്നത്തെ മത്സരത്തിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാൽ കൂട്ടിക്കിഴിക്കലുകളൊന്നും തന്നെയില്ലാതെ ബാംഗ്ലൂരിന് നേരിട്ട് പ്ലേ ഓഫിൽ പ്രവേശിക്കാനാകും. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ബാംഗ്ലൂർ. 16 പോയിന്‍റുമായി മുംബൈ പ്ലേ ഓഫ് സ്വപ്‌നവുമായി കാത്തുനിൽക്കുന്നതിനാൽ ബാംഗ്ലൂരിന് ഇന്ന് വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല.
അതേസമയം പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ ഗുജറാത്തിന് ഇന്നത്തെ മത്സരം സമ്മർദമേതുമില്ലാതെ തന്നെ കളിക്കാനാകും. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി ബഹുദൂരം മുന്നിലാണ് ഗുജറാത്ത്. എങ്കിൽ പോലും അവസാന മത്സരത്തിൽ വിജയിച്ച് പ്ലേ ഓഫിന് മുൻപായി ആത്മവിശ്വാസം കൂട്ടാനാകും ഗുജറാത്തിന്‍റെ ശ്രമം.
പ്രതീക്ഷയായി കെജിഎഫ്: ഗുജറാത്തിനെതിരായ മത്സരത്തിൽ കെജിഎഫ് ബാറ്റിങ് ത്രയത്തിൽ തന്നെയാണ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷ. ഓപ്പണർമാരായ ഫാഫ് ഡുപ്ലസിസും വിരാട് കോലിയും തകർപ്പൻ ഫോമിലാണ് ബാറ്റ് വീശുന്നത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി പ്രകടനം കോലി ഈ മത്സരത്തിലും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൂടെ ഡുപ്ലസിസും തകർത്തടിച്ചാൽ ഗുജറാത്ത് ബോളർമാർ നന്നേ വിയർക്കും.
പിന്നാലെയെത്തുന്ന മാക്‌സ്‌വെല്ലിന്‍റെ പ്രകടനവും ടീമിന് നിർണായകമാണ്. എന്നാൽ മധ്യനിരയിലെ താരങ്ങളുടെ സ്ഥിരതയില്ലായ്‌മ ടീമിന് തലവേദനയാണ്. അതേസമയം ബാംഗ്ലൂരിന്‍റെ ബോളർമാർക്കൊന്നും തന്നെ ചിന്നസ്വാമിയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ബോളർമാർ കൂടി മികവിലേക്കുയർന്നാൽ ഗുജറാത്തിന്‍റെ ബാറ്റിങ് നിരയെ അനായാസം പിടിച്ചുകെട്ടാൻ ബാംഗ്ലൂരിനാകും.
മറുവശത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ ശക്തരാണ് ഗുജറാത്ത് ടൈറ്റൻസ്. ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ, ഹാർദിക് പാണ്ഡ്യ, രാഹുൽ തെവാട്ടിയ തുടങ്ങിയ താരങ്ങളെല്ലാം മികച്ച ഫോമിൽ തന്നെയാണ് ബാറ്റ് വീശുന്നത്. മുഹമ്മദ് ഷമി, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മോഹിത് ശർമ എന്നീ ബോളർമാരും ഏത് കരുത്തുറ്റ ബാറ്റർമാരെയും പിടിച്ച് കെട്ടാൻ കെൽപ്പുള്ളവരാണ്.
പ്ലേയിങ് ഇലവൻ
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : ഫാഫ് ഡു പ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, അനുരാജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ ബ്രേസ്‌വെൽ, ഹർഷൽ പട്ടേൽ, ഷഹ്‌ബാസ് അഹമ്മദ്, ഹിമാൻഷു ശർമ, വെയ്‌ൻ പാർനെൽ, മുഹമ്മദ് സിറാജ്.
ഗുജറാത്ത് ടൈറ്റൻസ് : ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ്), സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്.