മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്- രാജസ്ഥാൻ റോയൽസ് പോരാട്ടം. രാത്രി 7.30ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു പക്ഷേ ചെന്നൈയുടെ നായകകുപ്പായത്തിൽ ധോണിയുടെ അവസാന മത്സരമായിരിക്കും ഇന്ന്.
അങ്ങനെയാണെങ്കിൽ വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും ചെന്നൈയുടെ ശ്രമം. മറുവശത്ത് പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞെങ്കിലും ഒന്നാം ക്വാളിഫയറിൽ പ്രവേശിക്കണമെങ്കിൽ രാജസ്ഥാന് ഇന്നത്തെ വിജയം ഏറെ നിർണായകമാണ്.
ചെന്നൈയെക്കാൾ ഏറെ ശക്‌തമായ ടീമാണ് രാജസ്ഥാന്‍റേത്. ഓറഞ്ച് ക്യാപ്പിനുടമയായ ജോസ് ബട്‌ലറും, നായകൻ സഞ്ജു സാംസണും, യശ്വസി ജെയ്‌സ്വാളും, ദേവ്‌ദത്ത് പടിക്കലും ചേരുന്ന ബാറ്റിങ്ങ് നിര ഏറെ കരുത്തുറ്റതാണ്. നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഷിംറോണ്‍ ഹെറ്റ്മെയർ കൂടി ചേരുന്നതോടെ ടീം കൂടുതൽ ശക്‌തമാകും.
കരുത്തോടെ രാജസ്ഥാൻ: ബാറ്റിങ് പോലെതന്നെ രാജസ്ഥാന്‍റെ ബോളിങ് നിരയും കരുത്തുറ്റതാണ്. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, യുസ്‌വേന്ദ്ര ചഹൽ, രവിചന്ദ്ര അശ്വിൻ എന്നിവരടങ്ങിയ ബോളിങ് നിര ഏത് ശക്‌തരായ ബാറ്റർമാക്കും വെല്ലുവിളി തീർക്കും. അതേസമയം ബോളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരതയില്ലായ്‌മയാണ് ചെന്നൈയുടെ പ്രധാന പ്രശ്‌നം. ഋതുരാജ് ഗെയ്‌ക്വാദ്- കോണ്‍വേ ഓപ്പണിങ് സഖ്യത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ.
മധ്യനിരയിൽ വമ്പനടിക്ക് ശേഷിയുള്ള അമ്പാട്ടി റായ്‌ഡു, റോബിൻ ഉത്തപ്പ, മൊയ്‌ൻ അലി, ശിവം ദുബെ എന്നിവരുണ്ടെങ്കിലും സ്ഥിരതയില്ലായ്‌മ റണ്‍സ് കണ്ടെത്തുന്നതിൽ നിന്നും ടീമിനെ പിന്നോട്ട് വലിക്കുന്നു. ബോളിങ് നിരയും ദുർബലമാണ്. മുകേഷ് ചൗദരി, സിമർജീത് സിങ്, മഹിഷ് തീക്ഷണ എന്നിവർ മികച്ച ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്‌മ ബോളിങ് നിരയെ അലട്ടുന്നുണ്ട്.
തല പടിയിറങ്ങുമോ? അതേസമയം നായകനായും ഒരു പക്ഷേ ടീം അംഗമായിപ്പോലും ധോണിയുടെ അവസാന മത്സരമാകും ഇതെന്ന് വിലയിരുത്തലുകളും ഉണ്ട്. 40 കാരനായ താരം ഇനി ഒരു ഐപിഎൽ കൂടി കളിക്കുമോ എന്ന കാര്യം സംശയത്തിന്‍റെ നിഴലിലാണ്. സീസണിലെ ചില മത്സരങ്ങളിൽ തീപ്പൊരി പ്രകടനങ്ങളുമായി ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് കാട്ടിത്തന്നുവെങ്കിലും അടുത്ത സീസണിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയുമൊരു സ്ഥിരീകരണം ഉണ്ടായിട്ടില്ല.