അഹമ്മദാബാദ് : നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കമാണ് ഐപിഎല്ലിന്‍റെ പതിനാറാം പതിപ്പിലും ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്‌ത്തിയ ഗുജറാത്ത് രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും പരാജയപ്പെടുത്തിയിരുന്നു. അപരാജിത കുതിപ്പ് തുടങ്ങിയ ടീമിന് ഇത്തവണ കിരീടം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ടീമിന്‍റെ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലറുടെ അഭിപ്രായം.
ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പമായിരുന്ന ഡേവിഡ് മില്ലറിന് സീസണിലെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ടീമിനൊപ്പം ചേര്‍ന്ന മില്ലര്‍ ആ മത്സരത്തില്‍ 16 പന്ത് നേരിട്ട് 31 റണ്‍സ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് ഇത്തവണ കിരീടം നിലനിര്‍ത്തുമെന്ന് മില്ലര്‍ അഭിപ്രായപ്പെട്ടത്.
'ഇത്തവണ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ടീമിന്‍റെ പ്രകടനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തവണയും ടീമിന് കിരീടം നേടാനുള്ള ശക്തിയുണ്ട്. ഇവര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്' - മില്ലര്‍ പറഞ്ഞു.
ഐപിഎല്ലിലെ ഇംപാക്‌ട് പ്ലെയര്‍ റൂളിനെ പറ്റിയും തന്‍റെ അഭിപ്രായം ഡേവിഡ് മില്ലര്‍ വ്യക്തമാക്കിയിരുന്നു. ' ഞാന്‍ ഇവിടേക്ക് എത്തിയിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമാണായത്. ഈ നിയമത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ.
നിലവില്‍, ഈ നിയമം ഒരു മത്സരത്തില്‍ ഓള്‍റൗണ്ടര്‍മാരുണ്ടാക്കുന്ന സ്വാധീനം ഇല്ലാതാക്കുന്നുവെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. അധികമായി ഒരു ബാറ്ററെയോ ബോളറേയോ ഉള്‍പ്പെടുത്തുന്നതിലൂടെ ടീമിന്‍റെ ശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഈ നിയമം ഓള്‍ റൗണ്ടര്‍മാര്‍ക്ക് ഭീഷണിയാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല.
ഒരു ടീമില്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് കിട്ടുന്നത്. അവരുടെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇംപാക്‌ട് പ്ലെയര്‍ റൂള്‍ ഒരു മത്സരത്തില്‍ ഒരു ടീമിന്‍റെ ബാറ്റിങ് അല്ലെങ്കില്‍ ബോളിങ് കരുത്ത് കൂട്ടാനാണ് സഹായിക്കുന്നത്' - മില്ലര്‍ പറഞ്ഞു.
'ഹാര്‍ദിക് മികച്ച ക്യാപ്‌റ്റന്‍' സഞ്‌ജയ് മഞ്ജരേക്കര്‍ : ഗുജറാത്ത് ടൈറ്റന്‍സിന് ഇപ്രാവശ്യം തങ്ങളുടെ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കുമെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടിരുന്നു. 'മത്സരങ്ങളെ വളരെ ഗൗരവകരമായി എടുക്കാത്തത് കൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യ മികച്ചൊരു നായകനാണെന്ന് പറയാന്‍ സാധിക്കും. കൂടാതെ ആശിഷ് നെഹ്‌റയുടെ തന്ത്രങ്ങളുമാണ് ഈ ടീമിനെ കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സഹായിക്കുന്നത്.
കഴിഞ്ഞ സീസണില്‍ അത് അവര്‍ തെളിയിച്ചതാണ്. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ വീഴ്‌ത്തിയതിലൂടെ തങ്ങള്‍ കിരീടം നിലനിര്‍ത്താന്‍ തയ്യാറാണെന്ന മുന്നറിയിപ്പാണ് മറ്റ് ടീമുകള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്നത്' - സ്റ്റാര്‍ സ്പോര്‍ട്‌സ് പരിപാടിയിലൂടെയായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം.
അതേസമയം, ആദ്യ രണ്ട് മത്സരങ്ങളില്‍ ജയം പിടിച്ച ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ഇന്ന് ഗുജറാത്ത് നേരിടുന്നത്.