മുംബൈ: ഇന്ത്യയുടെ ടി20 ടീം പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തി സ്‌പെഷ്യലിസ്റ്റ് താരങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഒരു ടീം വാര്‍ത്തെടുക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. കുട്ടിക്രിക്കറ്റില്‍ രോഹിത്തിന്‍റെയും കോലിയുടേയും യുഗം ഏതാണ്ട് അവസാനിച്ചുവെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്.
എക്കാലത്തും വികസിച്ചുകൊണ്ടിരിക്കുന്ന ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇരുവരുടേയും സാങ്കേതിക തികവ് ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ വിരാട് കോലി റണ്‍സ് നേടുന്നുണ്ടെങ്കിലും രോഹിത് ശര്‍മയുടെ പ്രകടനം നിരാശജനകമാണ്. എന്നാല്‍ ചില യുവതാരങ്ങളാവാട്ടെ വമ്പന്‍ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റുകയാണ്.
യുവതാരങ്ങള്‍ വരട്ടെ: ഇതോടെ രോഹിത്തും കോലിക്കും പകരമായി ഇന്ത്യയുടെ ടി20 ടീമിലേക്ക് ഉയർന്ന നിലവാരമുള്ള, പ്രായം കുറഞ്ഞ കളിക്കാരെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി. 2024-ലെ ടി20 ലോകകപ്പിന് ഇനിയും ഒരു വർഷത്തിലേറെ ശേഷിക്കുന്നതിനാൽ നിലവിലെ ഫോം മാത്രമായിരിക്കണം സെലക്ഷൻ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ തിളങ്ങുന്ന യശസ്വി ജയ്‌സ്വാൾ, ജിതേഷ് ശർമ, തിലക് വർമ തുടങ്ങിയ കളിക്കാർക്ക് എത്രവേഗത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ കഴിയുമെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് രവി ശാസ്‌ത്രി ഇക്കാര്യം പറഞ്ഞത്. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചാറ്റ് ഷോയിലാണ് ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ വാക്കുകള്‍.
"വരാനിരിക്കുന്ന ആദ്യ ടി20 പരമ്പരയില്‍ യുവ താരങ്ങളെ കളിപ്പിക്കുക. അവര്‍ക്ക് മികച്ച പ്രകനം നടത്താന്‍ അവസരം നല്‍കുക. അവരെ അന്താരാഷ്‌ട്ര തലത്തില്‍ തിളങ്ങാന്‍ കഴിയുന്ന മികച്ച താരങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സെലക്‌ടര്‍മാര്‍ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുണ്ട്.
രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപ്പോലുള്ള താരങ്ങള്‍ തങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് നമുക്ക് മുന്നില്‍ തെളിയിച്ചിട്ടുള്ളതാണ്. അവര്‍ എന്താണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇനി ഏകദിന ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനും വേണ്ടി നിങ്ങൾ വിരാടിനെയും രോഹിതിനെയും പുതുമയോടെ നിലനിർത്തേണ്ടതുണ്ട്. ഇതോടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും എക്സ്പോഷറും നല്‍കേണ്ടതുണ്ട്. തീര്‍ച്ചയായും ഞാന്‍ അതുതന്നെയാവും ചെയ്യുക". രവി ശാസ്‌ത്രി പറഞ്ഞു.
റെഡ്‌ബോള്‍ കളിക്കട്ടെ: "രോഹിത്, കോലി എന്നിവരെപ്പോലുള്ള താരങ്ങളുടെ അനുഭവ സമ്പത്ത് ടെസ്റ്റ് ക്രിക്കറ്റിലേക്കും ഭാവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി റെഡ്-ബോൾ ക്രിക്കറ്റിലേക്കും മാറണം. ഇതോടെ അവര്‍ക്ക് പുതുമയോടെ കളത്തിലെത്താനും കഴിയും". ശാസ്‌ത്രി പറഞ്ഞു.
ഓരോ സ്ഥാനവും സ്പെഷ്യലിസ്റ്റുകള്‍ക്ക്: യുവ താരങ്ങളെ നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുമ്പോള്‍ ബാറ്റിങ് ഓർഡറിലെ ഓരോ സ്ഥാനവും ഒരു സ്പെഷ്യലിസ്റ്റുകള്‍ക്ക് നല്‍കണമെന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ചേരാത്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ താരങ്ങളെ നിര്‍ബന്ധിപ്പിക്കരുത്.
ലൈനപ്പിൽ ഇടത്-വലത് കൈയ്യൻ ബാറ്റർമാരുടെ മാന്യമായ ബാലൻസ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യയുടെ ടി20 ടീമിന്‍റെ സ്ഥിരം നായകനായി ഹാർദിക് പാണ്ഡ്യയെ നിയമിക്കുന്നതിനെ അനുകൂലിച്ച് നേരത്തെ രവി ശാസ്‌ത്രി രംഗത്ത് എത്തിയിരുന്നു.
ALSO READ: 'അടുത്ത സീസണിലും ധോണിയുണ്ടാവും', ചെന്നൈ ആരാധകര്‍ക്ക് ആശ്വാസമായി മാനേജ്‌മെന്‍റിന്‍റെ വാക്കുകള്‍