അഹമ്മദാബാദ് : ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജിനെ തേടിയെത്തിയത് നാണക്കേടിന്‍റെ റെക്കോഡ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങുന്ന ബൗളറെന്ന മോശം റെക്കോഡാണ് സിറാജിന്‍റെ തലയിലായത്.
സീസണില്‍ 15 മത്സരങ്ങളില്‍ 31 സിക്‌സറുകളാണ് സിറാജ് വഴങ്ങിയത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോയാണ് രക്ഷപ്പെട്ടത്. 2018ല്‍ 16 മത്സരങ്ങളില്‍ 29 സിക്‌സറുകള്‍ വഴങ്ങിയായിരുന്നു ബ്രാവോ നേരത്തെ ഈ നാണക്കേട് പേറിയിരുന്നത്.
യുസ്‌വേന്ദ്ര ചാഹല്‍ (2015ല്‍ 14 മത്സരങ്ങളില്‍ 28 സിക്‌സറുകള്‍), വാനിന്ദു ഹസരംഗ (2022-ല്‍ 16 മത്സരങ്ങളില്‍ 28 സിക്‌സറുകള്‍) എന്നിവരാണ് ഈ പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ളത്.
മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സിറാജിനെതിരെ രണ്ട് സിക്‌സുകളും ഒരു ബൗണ്ടറിയും നേടിയിരുന്നു. തുടര്‍ന്ന് താരത്തിന്‍റെ രണ്ടാം ഓവറില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറികളും രാജസ്ഥാന്‍ ബാറ്റര്‍മാര്‍ അടിച്ചെടുത്തു. ഇതോടെ ആദ്യ സ്‌പെല്ലില്‍ തന്നെ 31 റണ്‍സാണ് സിറാജ് വഴങ്ങിയത്. അതേസമയം സീസണില്‍ 15 മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റുകള്‍ മാത്രമാണ് സിറാജിന് ലഭിച്ചത്.