മുംബൈ : ഐപിഎല്ലിന്‍റെ ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി ഫോമിലേക്ക് മടങ്ങുന്നതിന്‍റെ സൂചനകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ 53 പന്തിൽ 58 റൺസ് നേടിയ കോലി, മുന്‍ മത്സരങ്ങളിലെ 0, 0, 9 എന്നിങ്ങനെയുള്ള സ്‌കോറുകളെ മറികടന്നിരുന്നു.
എന്നാല്‍ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 33 പന്തിൽ 30 റൺസാണ് കോലിക്ക് നേടാനായത്. ഒഴുക്കുള്ള രീതിയില്‍ സ്‌ട്രോക്ക് കളിക്കാന്‍ അനുയോജ്യമല്ലാത്ത പിച്ചിൽ, 3 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയാണ് കോലിയുടെ പ്രകടനം. പ്രതിരോധത്തിലൂന്നി കളിച്ച കോലിയെ കുറ്റി തെറിപ്പിച്ച് മൊയീൻ അലിയാണ് തിരിച്ചയച്ചത്.
ഇതോടെ താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തി ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റിനെ കാര്യമായെടുക്കേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്‌ത്രിയുടെ അഭിപ്രായം. 'ഞാൻ സര്‍ഫസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. സര്‍ഫസ് ഫ്ലാറ്റാണെങ്കില്‍, അപ്പോൾ സ്‌ട്രൈക്ക് റേറ്റ് ശരിക്കും മികച്ചതായിരിക്കണം.
എന്നാൽ ഇതുപോലുള്ള ഒരു ട്രാക്കിൽ, ടീമിന് വേണ്ടി നിങ്ങള്‍ക്ക് മികച്ച രീതിയില്‍ കളിക്കേണ്ടതുണ്ട്. നിലയുറപ്പിച്ച് ഒരു നല്ല ഇന്നിങ്സ് കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇന്നിങ്സിന്‍റെ അവസാനത്തിൽ സ്‌ട്രൈക്ക് റേറ്റ് എപ്പോഴും മികച്ചതായിരിക്കും' - ശാസ്‌ത്രി പറഞ്ഞു.
കോലി റണ്‍ കണ്ടെത്തുന്നത് ശുഭസൂചനയാണെന്നും ശാസ്‌ത്രി വ്യക്തമാക്കി. '30 എന്നത് 30 ആണ്, 50 എന്നത് 50 ആണ്, രണ്ട് ഇന്നിങ്സുകളിൽ ഇത് 80-ലധികമാണ്. കൂടാതെ ഒരുപാട് ക്രിക്കറ്റ് കളിക്കാൻ ബാക്കിയുണ്ട്. അതിനാൽ ഇത് ശുഭസൂചനയാണ് ' - അദ്ദേഹം കൂട്ടിച്ചേർത്തു.
also read: IPL 2022: 'ഒരു ബോളില്‍ ഒരു റണ്‍ എന്ന രീതി പന്തിന് ചേര്‍ന്നതല്ല'; വിമര്‍ശനവുമായി സെവാഗ്
കോലിയെ സംബന്ധിച്ച് ഏറ്റവും മോശം സീസണാണ് നിലവില്‍ പുരോഗമിക്കുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കിയ സ്റ്റാർ ബാറ്ററിന് 11 മത്സരങ്ങളിൽ നിന്ന് 20ന് മുകളിൽ ശരാശരിയിൽ 216 റൺസ് മാത്രമാണ് നേടാനായത്.