പൂനെ : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 172 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 171 റണ്‍സ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ശുഭ്‌മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ഇന്നിങ്സിന് നെടുംതൂണായത്.
46 പന്തില്‍ ആറ് ഫോറിന്‍റേയും നാല് സിക്‌സിന്‍റേയും അകമ്പടിയോടെ 84 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 31), ഡേവിഡ് മില്ലര്‍ (15 പന്തില്‍ 20*) എന്നിവരും നിര്‍ണായകമായി. വിജയ് ശങ്കര്‍ (20 പന്തില്‍ 13), രാഹുല്‍ തിവാട്ടിയ (8 പന്തില്‍ 14), അഭിനവ് മനോഹര്‍ (2 പന്തില്‍ 1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ഗുജറാത്തിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഖലീല്‍ അഹമ്മദ് രണ്ടും, കുല്‍ദീപ് യാദവ് ഒരുവിക്കറ്റും നേടി.അതേസമയം ആദ്യ മത്സരങ്ങളില്‍ ജയം പിടിച്ച ഇരുസംഘവും വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്.
ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ വീഴ്ത്തിയപ്പോള്‍, മുംബൈ ഇന്ത്യൻസിനെയാണ് ഡൽഹി ക്യാപിറ്റൽസ് മറികടന്നത്. ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും ഡല്‍ഹി ഒരു മാറ്റവുമായാണ് ഇറങ്ങിയത്. കമലേഷ് നാഗര്‍ഗോട്ടി പുറത്തായപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ ടീമിലെത്തി.