അബുദാബി: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലെ പിഴവ് തിരുത്തി പഞ്ചാബ് പേസര്‍ ഷെല്‍ഡ്രണ്‍ കോട്രാല്‍. ലൈനിലും ലങ്തിലും പന്തെറിഞ്ഞ കോട്രാല്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തി. മുംബൈയുടെ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ വിക്കറ്റ് തെറിപ്പിച്ചാണ് കോട്രാല്‍ കലി അടക്കിയത്. ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് വീന്‍ഡീസ് പേസര്‍ കോട്രാല്‍ വിട്ടുനല്‍കിയത്.
അബുദാബിയില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള പഞ്ചാബിന്‍റെ നായകന്‍ ലോകേഷ് രാഹുലിന്‍റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ഈ വിക്കറ്റ്. നാലാമത്തെ ഓവറില്‍ സൂര്യകുമാര്‍ യാദവ് റണ്‍ ഔട്ടായി പുറത്തായതോടെ മുംബൈ വീണ്ടും പരുങ്ങലിലായി. അവസാനം വിവരം ലഭിക്കുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 29 റണ്‍സെടുത്തു. 11 റണ്‍സെടുത്ത് രോഹിത് ശര്‍മയും രണ്ട് റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
രാജസ്ഥാന് എതിരായ മത്സരത്തിലെ 18ാം ഓവറില്‍ കോട്രാലിന്‍റെ പന്ത് അഞ്ച് തവണയാണ് തെവാട്ടിയ ബൗണ്ടറി കടത്തിയത്. ഒരു തവണ പന്ത് ഗാലറിക്ക് അപ്പുറത്തും പതിച്ചു. മത്സരത്തില്‍ രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.