ചെന്നൈ: രാജ്യത്ത് ശക്തമായി തുടരുന്ന കര്‍ഷകസമരത്തെ കുറിച്ച് ടീം ഇന്ത്യ ചര്‍ച്ച ചെയ്‌തതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം. നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മുന്നോടിയായാണ് കോലി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സാഹചര്യത്തെ കുറിച്ച് ടീം മീറ്റിങ്ങിനിടെ ചര്‍ച്ചചെയ്‌തെന്ന് കോലി പറഞ്ഞു. വിഷയത്തില്‍ ടീം അംഗങ്ങളെല്ലാം അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ അതേ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.
ചെന്നൈക്കെതിരായ ടെസ്റ്റില്‍ റിഷഭ് പന്ത് ഇന്ത്യന്‍ ഓപ്പണറാകുമെന്ന സൂചനയും കോലി നല്‍കി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച ഫോമിലേക്കുയര്‍ന്നതാണ് റിഷഭിന് തുണയായത്. അജിങ്ക്യാ രഹാനെക്കൊപ്പം കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഓസ്‌ട്രേലിയയില്‍ രഹാനെ അദ്ദേഹത്തിന്‍റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. ഇപ്പോള്‍ ചുമതലകള്‍ ഒരുമിച്ച് നിറവേറ്റാനും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത് മികച്ച അനുഭവമാണെന്നും വിരാട് കോലി പറഞ്ഞു.
നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ കളിക്കുക. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും പരമ്പര നിര്‍ണായകമാണ്. ചെന്നൈയിലെ പിച്ചില്‍ ആദ്യ ദിനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പ്രയാസമുണ്ടാകാത്ത സാഹചര്യത്തില്‍ ടോസ് നേടിയ ടീം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. അവസാന രണ്ട് ദിവസം സ്‌പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് ചെന്നൈയിലേത്. അതിനാല്‍ തന്നെ രണ്ട് സ്‌പിന്നര്‍മാരുമായാകും ഇരു ടീമുകളും ചെന്നൈയില്‍ ഇറങ്ങുക.