മിര്‍പൂര്‍ : ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 153 റണ്‍സിന്‍റെ വിജയ ലക്ഷ്യം. മഴയെത്തുടര്‍ന്ന് 44 ഓവറാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് വനിതകള്‍ 152 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 64 പന്തുകളില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍.
നാല് വിക്കറ്റ് വീഴ്‌ത്തിയ അമന്‍ജോത് കൗറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ആദ്യ രാജ്യാന്തര ഏകദിനം കളിക്കുന്ന അമന്‍ജോത് കൗര്‍ ഒമ്പത് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ദേവിക വൈദ്യയ്‌ക്ക് രണ്ടും ദീപ്‌തി ശര്‍മയ്‌ക്ക് ഒരു വിക്കറ്റുമുണ്ട്.
മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയരെ തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രം നില്‍ക്കെ സംഘത്തിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. 18 പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഷർമിൻ അക്തറിനെ അമന്‍ജോത് കൗര്‍ റണ്ണൗട്ടൗക്കുകയായിരുന്നു.
ഇതേ ടീം സ്‌കോറില്‍ മറ്റൊരു ഓപ്പണറായ മുർഷിദ ഖാത്തൂനെയും അമന്‍ജോത് തിരിച്ചയച്ചു. 30 പന്തുകളില്‍ 13 റണ്‍സ് നേടിയ താരത്തെ ഹര്‍മന്‍പ്രീത് കൗര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും ഫർഗാന ഹഖും ചേര്‍ന്ന് ടീമിനെ ഏറെ ശ്രദ്ധയോടെ മുന്നോട്ടുനയിച്ചു.
എന്നാല്‍ 21-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഫർഗാനയെ വിക്കറ്റ് കീപ്പര്‍ യാസ്‌തിക ഭാട്ടിയുടെ കയ്യില്‍ എത്തിച്ച് അമന്‍ജോത് വീണ്ടും ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. 45 പന്തുകളില്‍ 27 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തുടര്‍ന്നെത്തിയ റിതു മോനിക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ബംഗ്ലാദേശ് 25.6 ഓവറില്‍ നാലിന് 81 എന്ന നിലയിലായി.
അഞ്ച് ഓവറുകള്‍ക്കപ്പുറം നിഗര്‍ സുല്‍ത്താനയുടെ ചെറുത്ത് നില്‍പ്പും അമന്‍ജോത് അവസാനിപ്പിച്ചതോടെ അതിഥേയര്‍ കൂടുതല്‍ പരുങ്ങലിലായി. വിക്കറ്റിന് മുന്നില്‍ കുരുങ്ങിയായിരുന്നു നിഗര്‍ സുല്‍ത്താനയുടെ മടക്കം. തുടര്‍ന്നെത്തിയ താരങ്ങളെയും ഇന്ത്യന്‍ ബോളര്‍മാര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.
നഹീദ അക്തർ (15 പന്തുകളില്‍ 2), റബീയ ഖാന്‍(11 പന്തുകളില്‍ 10), സുല്‍ത്താന ഖാത്തൂന്‍ (20 പന്തുകളില്‍ 16), മറൂഫ അക്തർ(7 പന്തുകളില്‍ 6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഷൊർന അക്തർ ആബ്‌സന്‍റ് ഹര്‍ട്ടായപ്പോള്‍ ഫഹീമ ഖാത്തൂന്‍ (29 പന്തുകളില്‍ 12) പുറത്താവാതെ നിന്നു.
നേരത്തെ, നടന്ന ടി20 പരമ്പര 2-1ന് സന്ദര്‍ശകരായ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയെ മൂന്നാം ടി20യില്‍ ആയിരുന്നു ബംഗ്ലാദേശ് കടപുഴക്കിയത്. ഈ തോല്‍വിയുടെ ക്ഷീണം കൂടി തീര്‍ക്കാനുറച്ചാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നത്.