എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താവാതെ നിന്ന ജോ റൂട്ടും, ജോണി ബെയർസ്റ്റോയുമാണ് ഇംഗ്ലീഷ് വിജയം ഉറപ്പിച്ചത്. സ്‌കോര്‍: ഇന്ത്യ 416, 245. ഇംഗ്ലണ്ട്: 284, 378/3.
വിജയത്തോടെ അഞ്ച് മത്സര പരമ്പര 2-2ന് സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിനായി. എഡ്‌ജ്‌ബാസ്റ്റണില്‍ പിന്തുടര്‍ന്നുള്ള ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. നാലാം വിക്കറ്റില്‍ 269 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് റൂട്ടും ബെയർസ്റ്റോയും ഉയര്‍ത്തിയത്. ജോ റൂട്ട് 173 പന്തില്‍ 19 ഫോറും ഒരു സിക്‌സും സഹിതം 142 റണ്‍സ് നേടിയപ്പോള്‍, ബെയർസ്റ്റോ 145 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 114 റണ്‍സും അടിച്ചെടുത്തു.
മൂന്ന് വിക്കറ്റിന് 259 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷുകാര്‍ക്ക് കാര്യമായ വെല്ലുവിളിയാവാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യയ്‌ക്കായി നായകന്‍ ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യ ഇന്നിങ്‌സിലും ബെയർസ്റ്റോ സെഞ്ച്വറി നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ സാക് ക്രോളിയും, അലക്‌സ് ലീസും ചേർന്ന് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 107 റണ്‍സിന്‍റെ കൂട്ടുകെട്ട് സമ്മാനിച്ചു. ഒടുവിൽ സാക് ക്രോളിയെ (46) പുറത്താക്കി നായകൻ ബുംറ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ എത്തിയ ഒലി പോപ്പിനെ അക്കൗണ്ട് തുറക്കുന്നതിന് മുൻപ് തന്നെ ബുംറ മടക്കി അയച്ചു. തൊട്ടുപിന്നാലെ അലക്‌സ് ലീസ് (56) റണ്ണൗട്ടായി. ഇതോടെ ഇന്ത്യ വിജയം സ്വപ്‌നം കണ്ടെങ്കിലും പിന്നാലെ ക്രീസില്‍ എത്തിയ ജോ റൂട്ടും, ജോണി ബെയർസ്റ്റോയും ചേർന്ന് ഇന്ത്യൻ പ്രതീക്ഷകളെ അടിച്ച് പറത്തുകയായിരുന്നു.
അദ്യ ഇന്നിങ്‌സില്‍ റിഷഭ് പന്തിന്‍റെയും രവീന്ദ്ര ജഡേജയുടേയും ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് തുണയായത്. പന്ത് 146 ഉം ജഡേജ 104 ഉം റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാനും പന്തിന് കഴിഞ്ഞിരുന്നു.