ബ്രിസ്‌ബെയിന്‍: സ്‌റ്റീവ് സ്‌മിത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി. ചെറിയ കുറ്റത്തിന് സ്‌മിത്ത് ഇതിനകം വലിയ ശിക്ഷ ഏറ്റുവാങ്ങിയെന്നും ഹീലി കൂട്ടിച്ചേര്‍ത്തു. പന്ത് ചുരണ്ടല്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ഹീലി.
കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് സ്‌മിത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞത്. ഉപനായകന്‍ ഡേവിഡ് വാര്‍ണറും വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് ടിം പെയിനാണ് ഓസിസ് ടീമിനെ നയിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും.
![സ്‌മിത്തിനെ കുറിച്ച് ഹീലി വാര്‍ത്ത ഓസിസ് ടെസ്റ്റ് നായകന്‍ വാര്‍ത്ത ausis test captain news healy about smith news](https://etvbharatimages.akamaized.net/etvbharat/prod-images/10290722_asfasdfasdf.jpg)
36 വയസുള്ള ടിം പെയിന്‍ കരിയറിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഹീലിയുടെ പ്രതികരണം. പുതിയ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ ആരാകണമെന്ന കാര്യത്തില്‍ ഉള്‍പ്പെടെ ചര്‍ച്ച പുരോഗമിക്കുകയാണ്. പേസര്‍ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരുടെ പേര് നായകസ്ഥാനത്തേക്ക് പരിഗണിക്കപെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്‌മിത്ത് നായകനാകണമെന്ന ആവശ്യവുമായി ഇയാന്‍ ഹീലി രംഗത്ത് വരുന്നത്.