തിരുവനന്തപുരം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്‍റെ ആവേശത്തിലാണ് കേരളം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനം ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി(സെപ്‌റ്റംബര്‍ 28) ഏഴിനാണ് ആരംഭിക്കുക.
ടി20 ലോകകപ്പിനുള്ള മികച്ച മുന്നൊരുക്കത്തിനാണ് ഇന്ത്യ പ്രോട്ടീസിനെതിരെ ഇറങ്ങുന്നത്. രോഹിത്, വിരാട് കോലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരടങ്ങിയ ബാറ്റിങ് നിര ഇന്ത്യയ്‌ക്ക് ആത്മവിശ്വാസമാണ്. ബോളിങ് യൂണിറ്റിലെ പ്രശ്‌നങ്ങളാണ് ഇന്ത്യയ്‌ക്ക് പരിഹരിക്കേണ്ടത്.
അര്‍ഷ്‌ദീപ് സിങ് തിരിച്ചെത്തുന്നത് ടീമിന് ഗുണം ചെയ്യും. ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തി പേസര്‍ ജസ്‌പ്രീത് ബുംറ മികവിലേക്ക് ഉയരേണ്ടതുണ്ട്. നേരത്തെ 20 ടി20 മത്സരങ്ങളിലാണ് ഇന്ത്യയും പ്രോട്ടീസും നേര്‍ക്കുനേരെത്തിയിട്ടുള്ളത്.
ഇതില്‍ 11 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ എട്ട് മത്സരങ്ങളാണ് പ്രോട്ടീസിനൊപ്പം നിന്നത്. ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് വീതം വിജയം നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിരുന്നു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല.
പിച്ച് റിപ്പോര്‍ട്ട്: ബോളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേത്. ഈ മത്സരത്തിലും സമാനമായി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. തുടക്കം തന്നെ പേസര്‍മാര്‍ക്ക് സ്വിങ് ലഭിച്ചേക്കും.
തുടര്‍ന്ന് സ്‌പിന്നർമാരുടെ മാന്യമായ ടേണും പ്രതീക്ഷിക്കുന്നു. 119 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വിജയ ശതമാനം കൂടുതലാണ്. 65 ശതമാനമാണിത്.
മത്സരം എവിടെ കാണാം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 പരമ്പര സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ്. ഡിസ്‌നി+ഹോട്സ്റ്റാര്‍ വഴി ഓണ്‍ലൈനായും മത്സരം കാണാം.
also read: IND VS SA: ഹാര്‍ദിക്കിന് പകരം ആര്?; പ്രോട്ടീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍