ദുബായ് : ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് ചുമലിൽ പരിക്കേറ്റത്. എന്നാൽ സ്കാനിങ്ങില്‍ പരിക്ക് സാരമുള്ളതല്ലെന്ന് കണ്ടെത്തുകയായിരുന്നു.
'ഹാർദിക്കിന്‍റെ സ്കാൻ റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മത്സരങ്ങൾ തമ്മിൽ ആറ് ദിവസത്തെ ഇടവേളയുള്ളത് പരിക്ക് മാറാനുള്ള സാവകാശം നല്‍കും. അടുത്ത മത്സരത്തിൽ കളിക്കാൻ പാണ്ഡ്യ ഫിറ്റ് ആണ്. എങ്കിലും താരത്തെ മെഡിക്കൽ സംഘം നിരീക്ഷിക്കും', ബിസിസിഐയുടെ ഒരംഗം അറിയിച്ചു.
പാകിസ്ഥാനെതിരെ ബാറ്റിങ്ങിനിടെ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. പിന്നാലെ സ്‌കാനിങ്ങിന് താരത്തെ വിധേയനാക്കുകയായിരുന്നു. മത്സരത്തില്‍ എട്ട് പന്തില്‍ 11 റണ്‍സേ താരം നേടിയുള്ളൂ.
ALSO READ : ബുംറയെ ഉപയോഗിക്കുന്നതില്‍ കോലിക്ക് വീഴ്‌ച്ച പറ്റി: സഹീര്‍ ഖാന്‍
തോളിന്‍റെ വേദനയോടെ കളം വിട്ട ഹാര്‍ദിക് ഫീല്‍ഡിങ്ങിനിറങ്ങിയിരുന്നില്ല. ഹാര്‍ദിക്കിന് പകരം ഇഷാന്‍ കിഷനേയാണ് ഇന്ത്യ ഇറക്കിയത്.