രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാം മത്സരത്തിൽ തുടക്കത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് ദിനേഷ് കാർത്തിക്കും ഹാര്‍ദിക് പാണ്ഡ്യയും ചേർന്നാണ്. കളി ആരാധകരാരും കൂടുതൽ കിരീടസാധ്യത കൽപ്പിക്കാതിരുന്ന ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച അതേ മികവ് ഈ പരമ്പരയിലും തുടരുകയാണ് പാണ്ഡ്യ. ഒരു ക്രിക്കറ്റെറന്ന നിലയിൽ തന്‍റെ ജീവിതത്തിൽ വഴിത്തിരിവായത് എംഎസ് ധോണിയുടെ ഉപദേശങ്ങള്‍ ആണെന്നാണ് പാണ്ഡ്യ പറയുന്നത്.
'ഗുജറാത്ത് ടൈറ്റന്‍സിനായി പുറത്തെടുത്ത പ്രകടനം ടീം ഇന്ത്യയ്‌ക്കായും തുടരാനാണ് ശ്രമം. ഞാൻ ദേശീയ ടീമിലേക്ക് എത്തിയ സമയത്ത് മഹി ഭായ് എന്നെ ഒരു കാര്യം പഠിപ്പിച്ചിരുന്നു. സമ്മർദ ഘട്ടങ്ങളെ എങ്ങനെ മറികടക്കാം എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം എനിക്ക് ചെറിയൊരു ഉപദേശം തന്നു. നിങ്ങളുടെ വ്യക്‌തിഗത സ്‌കോറിനെ കുറിച്ച് ചിന്തിക്കാതെ ടീമിന് എന്താണ് എന്ന് ആലോചിക്കുക എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഈ ഉപദേശം കരിയറില്‍ സഹായകമായി. സാഹചര്യത്തിന് അനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്' എന്നും രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ നാലാം ട്വന്‍റി-20ക്ക് ശേഷം ദിനേശ് കാർത്തിക്കുമായുള്ള സംഭാഷണത്തിനിടെ ഹാർദിക് പാണ്ഡ്യ പറഞ്ഞു.
ALSO READ: 'പറഞ്ഞത് ചെയ്‌തു'; ദിനേഷ് കാര്‍ത്തിക് പ്രചോദനമെന്ന് ഹാര്‍ദിക് പാണ്ഡ്യ
ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് തകർച്ചയ്‌ക്ക് ശേഷം ഐപിഎല്‍ മികവ് ആവർത്തിച്ച ഡികെയുടെ മികവാണ് മികച്ച സ്‌കോറില്‍ എത്തിച്ചത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് 87 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയ പ്രകടനം കാഴ്‌ചവച്ച ആവേശ് ഖാന്‍റെ മിന്നും ബോളിങ് പ്രകടനവും വിജയത്തിൽ നിർണായകമായി.