ഐസിസി എലൈറ്റ് പാനല്‍ അമ്പയറില്‍ നിന്നും തുണിക്കട ഉടമയിലേക്ക്; വിവാദങ്ങള്‍ നിറഞ്ഞ ആസാദ് റൗഫിന്‍റെ ജീവിത കഥ - ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍ ആസാദ് റൗഫ്
ലാഹോറിലുള്ള ലാന്ദാ ബസാറിലാണ് വസ്‌ത്രങ്ങളും ഷൂവും വില്‍ക്കുന്ന ആസാദ് റൗഫിന്‍റെ കട പ്രവര്‍ത്തിക്കുന്നത്
ലാഹോര്‍: 170 അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിച്ച ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയറായിരുന്നു പാകിസ്ഥാന്‍റെ ആസാദ് റൗഫ്. പിന്നീട് ക്രിക്കറ്റില്‍ നിന്ന് അപ്രത്യക്ഷനായ റൗഫ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പാക് മാധ്യമമായ പാക് ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് റൗഫിന്‍റെ ജീവിതം ചര്‍ച്ചയാവുന്നത്.
ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത തുണിക്കട ഉടമയായാണ് റൗഫ് ഇപ്പോള്‍ കഴിയുന്നത്. ലാഹോറിലുള്ള ലാന്ദാ ബസാറിലാണ് വസ്‌ത്രങ്ങളും ഷൂവും വില്‍ക്കുന്ന റൗഫിന്‍റെ കട പ്രവര്‍ത്തിക്കുന്നത്. 2013-ല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങളാണ് റൗഫിന്‍റെ കരിയറിന് അന്ത്യം കുറിച്ചത്.
സംശയാസ്‌പദ വ്യക്തിത്വമുള്ളവരില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിസിയുടെ അച്ചടക്ക സമിതി അഞ്ച് വർഷത്തേക്കാണ് ആസാദ് റൗഫിനെ വിലക്കിയത്. എന്നാല്‍ 2013-ന് ശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് 66-കാരനായ റൗഫ് പറയുന്നത്. താനൊരു കാര്യം ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ ഉപേക്ഷിച്ചതാണ്. അതുകൊണ്ട് തന്നെ 2013-ന് ശേഷം ക്രിക്കറ്റില്‍ എന്ത് നടക്കുന്നുവെന്നതിനെ കുറിച്ച് ശ്രദ്ധിക്കാറില്ലെന്നും അസാദ് റൗഫ് വ്യക്തമാക്കി.
നേരത്തെ 2012-ല്‍ വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുംബൈയിലെ ഒരു മോഡല്‍ റൗഫിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് ശേഷവും താന്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും, കളിക്കാരും അവരുടെ ഭാര്യമാരും തന്നോടൊപ്പം സമയം ചിലവഴിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവരാണെന്നുമാണ് ഇതിന് റൗഫിന് നല്‍കാനുള്ള മറുപടി. 13 വര്‍ഷം നീണ്ട അമ്പയറിങ് കരിയറില്‍ 98 ഏകദിനങ്ങളിലും, 23 ടി20 മത്സരങ്ങളിലും, 49 ടെസ്റ്റ് മത്സരങ്ങളുമാണ് ആസാദ് നിയന്ത്രിച്ചത്.