ചെന്നൈ: സ്വന്തം മണ്ണില്‍ സിക്‌സടിച്ച് റെക്കോഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ 200 സിക്‌സുകള്‍ സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്‌മാനെന്ന നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ചെപ്പോക്ക് ടെസ്റ്റിലാണ് ഹിറ്റ്‌മാന്‍ പുതിയ റെക്കോഡ് കുറിച്ചത്. 118 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് സ്വന്തം മണ്ണിലെ സിക്‌സിന്‍റെ കാര്യത്തില്‍ 200 കടന്നത്. ഹോം ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ 36ഉം ഏകദിനങ്ങളില്‍ 115ഉം ടി20യില്‍ 49 സിക്‌സുകളാണ് ഹിറ്റ്‌മാന്‍ അടിച്ച് കൂട്ടിയത്.
ചെന്നൈയില്‍ സെഞ്ച്വറിയോടെ 161 റണ്‍സെടുത്ത രോഹിതിന്‍റെ ഇന്നിങ്സില്‍ രണ്ട് സിക്‌സും 18 ബൗണ്ടറിയുമാണ് പിറന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഹിറ്റ്‌മാന്‍റെ കരുത്തിലാണ് ടീം ഇന്ത്യ ഒരു ഘട്ടത്തില്‍ 200 കടന്നത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 87 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യയെ രോഹിതും രഹാനെയും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 162 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്താണ് രഹാനെ കൂടാരം കയറിയത്.
ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ടീം ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 300 റണ്‍സെടുത്തു. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന അക്‌സര്‍ പട്ടേലും 33 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്തുമാണ് ക്രീസില്‍.